വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ബലാത്സംഗ കേസ് ഉടൻ രജിസ്റ്റർ ചെയ്യും. അച്ചടക്ക നടപടിയും പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി പീഡിപ്പിച്ചു എന്ന ഗുരുതര ആരോപണത്തിലാണ് നടപടി. ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) നാളെ സർക്കാരിന് കൈമാറും. ഇതിനുശേഷമായിരിക്കും ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികളുണ്ടാവുക.
അതേസമയം, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിവൈഎസ്പി ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഈസിജിയിൽ വ്യതിയാനം വന്നതാണ് അവധിക്ക് കാരണമായി അദ്ദേഹം വിശദീകരിക്കുന്നത്. വടകര ഡിവൈഎസ്പിയുടെ പകരം ചുമതല നാദാപുരം കൺട്രോൾ ഡിവൈഎസ്പിക്കാണ് നൽകിയിരിക്കുന്നത്.
വടക്കാഞ്ചേരിയിൽ ജോലി ചെയ്തിരുന്ന സമയത്ത് അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഡിവൈഎസ്പി പീഡിപ്പിച്ച ശേഷം കേസെടുക്കാതെ വിട്ടയച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
പോലീസ് എന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഡിവൈഎസ്പി ഉമേഷിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി പാലക്കാട് എസ്.പി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ആത്മഹത്യ ചെയ്ത ചെറുപ്പുളശ്ശേരി സി.ഐ. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലും ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. അനാശാസ്യ കേസിൽ പിടിയിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് കുറിപ്പിൽ സിഐ എഴുതിയിരുന്നത്. ഈ യുവതി കഴിഞ്ഞ ദിവസം ജില്ലാ ക്രൈം ഡിവൈഎസ്പിക്ക് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.
തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി യുവതി മൊഴിയിൽ വെളിപ്പെടുത്തി. കൂടാതെ, തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതിയുടെ മൊഴിയിലുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിക്കെതിരെ ബലാത്സംഗം കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയേറി.
















