നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം. ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇരുവർക്കും എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
സാം പിത്രോദയും കേസിൽ പ്രതിയാണ്. സോണിയ ഗാന്ധി കേസിലെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. നാഷനൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ഡൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് പുതിയ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നത്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് ഇന്ത്യ, ഡോട്ടെക്സ് മാർച്ചന്ററെെസ് പ്രെെവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ പ്രവർത്തനരഹിതമായ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസിന്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.
നാഷണല്‍ ഹെറാൾഡ് ദിനപത്രത്തിന്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ 2010ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യംഗ് ഇന്ത്യന്‍ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
















