തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ. ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിന്റെ സമീപകാല രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയായി നാഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. വീട്ടിൽ അച്ഛനെ തിരഞ്ഞിട്ട് കാണാത്തവർ, അച്ഛൻ ആരാണെന്ന് അറിയാൻ വീട്ടിലെ അമ്മയോട് തന്നെ ചോദിക്കണം എന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ പരാമർശം. നിയമസഭയിൽ എം.കെ. സ്റ്റാലിനെക്കുറിച്ച് നടന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ മര്യാദകളുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്നും സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ പ്രസ്താവനയാണ് നടത്തിയതെന്നും വിവിധ രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ നാഗേന്ദ്രനെതിരെ ചെന്നൈയിലെ ഡിജിപി ഓഫിസിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൈനാർ നാഗേന്ദ്രനെ പൂർണമായും തള്ളിപ്പറഞ്ഞ് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. നാഗേന്ദ്രൻ രാഷ്ട്രീയ മാന്യതയുടെ അതിരുകൾ ലംഘിച്ചുവെന്ന് അണ്ണാമലൈ വിമർശിച്ചു. ഇത്തരം തരംതാണ പ്രസംഗങ്ങൾ തമിഴ്‌നാടിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ മലിനമാക്കുകയാണെന്നും ഇത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ടിവികെയും വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
STORY HIGHLIGHT : after-vijay-father-remark-row-over-bjp-leaders-ask-mother-comment

















