സാധാരണയായി വില്ലേജ് ഓഫീസുകൾ എന്നാൽ സർട്ടിഫിക്കറ്റുകളും ഫയലുകളുമായി തിരക്കിട്ട് ഓടുന്ന ഗൗരവക്കാരായ ഉദ്യോഗസ്ഥരെയാണ് നമുക്ക് ഓർമ്മ വരിക. എന്നാൽ കോഴിക്കോട് നാദാപുരത്തെ ഇടച്ചേരി വില്ലേജ് ഓഫീസ് അൽപ്പം വ്യത്യസ്തമാണ്. ഇവിടെ ജോലിഭാരത്തിനിടയിൽ ഒരു ‘ബ്രേക്ക്’ വേണമെന്ന് തോന്നിയാൽ അവർ ചെയ്യുന്നത് ഒരു കിടിലൻ ഡാൻസ് റീൽ എടുക്കുകയാണ്!
വില്ലേജ് ഓഫീസർ രാമചന്ദ്രൻ നടുവിലും ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഈ കലാപ്രകടനത്തിന് പിന്നിൽ. ദൈനംദിനമുള്ള ഔദ്യോഗിക തിരക്കുകൾക്കിടയിൽ ഉദ്യോഗസ്ഥർക്ക് മാനസികോല്ലാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഒഴിവുസമയങ്ങൾ ആനന്ദകരമാക്കുന്നത്.
എസ്ഐആർ അടക്കമുള്ള കടുത്ത ജോലി സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ ഇത്തരം കാര്യങ്ങൾ സഹായിക്കുമെന്ന് ജീവനക്കാർ പറയുന്നു. ജോലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടച്ചേരി വില്ലേജ് ഓഫീസിൽ എല്ലാ ദിവസവും ഇടവേളകളിൽ പാട്ടും ഡാൻസുമൊക്കെ പതിവാണ്. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് മടിയുണ്ടായിരുന്നെങ്കിലും, വില്ലേജ് ഓഫീസർ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ എല്ലാവരും സജീവമായി പങ്കുചേരുകയായിരുന്നു. ജീവനക്കാരുടെ ഈ വേറിട്ട ഉദ്യമം പൊതുജനങ്ങൾക്കിടയിലും ശ്രദ്ധ നേടിയിരിക്കുകയാണ്
















