അമേരിക്കയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം കുറഞ്ഞത് പത്ത് കുട്ടികളെങ്കിലും മരിച്ചതായി റിപ്പോർട്ട്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറപ്പെടുവിച്ച ഇന്റർനൽ മെമ്മോയെ ഉദ്ധരിച്ച് ന്യൂയോർക്ക്ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വാക്സിൻ വിഭാഗം ഡയറക്ടർ ഡോ. വിനയ് പ്രസാദ് ജീവനക്കാരെ അറിയിച്ച മെമ്മോയിലാണ് ഈ വിവരം. ഹൃദയപേശികളുടെ വീക്കം ഉണ്ടാക്കുന്ന മയോകാർഡൈറ്റിസ് ആണ് മരണങ്ങൾക്ക് കാരണം ആയിരിക്കാമെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കോവിഡ് വാക്സിനും ചില കുട്ടികളുടെ മരണവും തമ്മിൽ ബന്ധമുണ്ടാകാം എന്ന് ആദ്യമായി എഫ്ഡിഎ സമ്മതിക്കുകയാണ് എന്ന നിലയിൽ ഈ മെമ്മോയെ ന്യൂയോർക്ക്ടൈംസ് വ്യാഖ്യാനിക്കുന്നു. എന്നാൽ കുട്ടികളുടെ പ്രായം, ആരോഗ്യനില, മരണകാരണം എങ്ങനെ വിലയിരുത്തിയതാണ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ മെമ്മോയിലില്ല.
എഫ്ഡിഎ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യുമൻ സർവീസസിന്റെ കീഴിലുള്ള ഫെഡറൽ ആരോഗ്യ ഏജൻസിയാണ്. നിലവിൽ 65 വയസിന് മുകളിലുള്ളവർക്കും സാരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമാണ് യു.എസിൽ കോവിഡ് വാക്സിൻ നൽകുന്നത്.
ഡോ. വിനയ് പ്രസാദിന്റെ മെമ്മോയെതിരെ ചില ആരോഗ്യവിദഗ്ധർ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മെമ്മോയിൽ ആവശ്യമായ ശാസ്ത്രീയ വിശദാംശങ്ങൾ ഒന്നുമില്ലെന്ന് ഫിലഡൽഫിയ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ വാക്സിൻ വിദഗ്ധൻ ഡോ. പോൾ ഓഫിറ്റ് പറഞ്ഞു. വാക്സിൻ നൽകിയ ശേഷം മയോകാർഡൈറ്റിസ് റിപ്പോർട്ട് ചെയ്ത കുട്ടികൾ ചികിത്സയ്ക്ക് ശേഷം വേഗത്തിൽ സുഖപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
















