എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലർക്ക്’-ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അക്ഷരാർത്ഥത്തിൽ ‘പതിയിരിക്കുക’ എന്ന അർത്ഥം വരുന്ന ‘Lurk’ എന്ന ഇംഗ്ലീഷ് വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പേര് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. രണ്ട് കണ്ണുകൾ മാത്രം ദുരൂഹമായി പ്രത്യക്ഷപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പ്രേക്ഷകരിൽ വലിയ ആകാംഷയും കൗതുകവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാർത്ഥിപനും, മലയാള സിനിമയിലെ ഇരുപതിലധികം സംവിധായകരുടേയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ‘ലർക്ക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. കാലികപ്രസക്തിയുള്ള ഒരു സുപ്രധാന വിഷയമാണ് നിഷാദ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന.
ശക്തമായ ഒരു താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സോഹൻ സീനുലാൽ തുടങ്ങിയവരാണ് പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ് എന്നിവരടങ്ങുന്ന വലിയൊരു വനിതാ താരനിരയും ചിത്രത്തിലുണ്ട്.
ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജുബിൻ ജേക്കബാണ്. രജീഷ് രാമൻ ഛായാഗ്രഹണവും വിപിൻ മണ്ണൂർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രകാശ് അലക്സ് പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ മിനീഷ് തമ്പാനാണ് സംഗീതം നൽകിയിരിക്കുന്നത്. മനു മഞ്ജിത്ത് ഗാനരചന നിർവ്വഹിച്ച ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ് എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകനും, ആർട്ട് ഡയറക്ടർ ത്യാഗു തവനൂരുമാണ്. ചിത്രത്തിൻ്റെ വിതരണം മാൻ മീഡിയയാണ്.
















