രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ അഞ്ചു പേരുടെ പേരെടുത്ത് പറഞ്ഞാണ് അതിജീവിത പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.
ഇരയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലർ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
‘പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത് ശരിയല്ലാത്തതിനാൽ ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അത് ഡിലീറ്റ് ചെയ്യുകയാണ്. വാസ്തവത്തിൽ പഴയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞവർഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്,’ എന്നായിരുന്നു പോസ്റ്റ്.എന്നാല്‍ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പലരും സന്ദീപിന്‍റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി. ഇതോടെ ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
Story Highlights : Sandeep Varier accused in the case of insulting a woman who filed a complaint against Rahul Mamkootathil
















