തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് അയച്ചത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഇങ്ങനെ ഒരു നോട്ടീസ് വരാറുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും അസംബ്ലി തെഞ്ഞടുപ്പിന്റെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെയും കാലത്ത് ഇങ്ങനെ വന്നിരുന്നു.
ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടീസ് ലഭിക്കാത്തെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നോട്ടീസ് വന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇതൊക്കെ രാഷ്ട്രീയക്കളിയാണ്. ഇതൊക്കെ കേരളത്തിന് മനസിലാകില്ലേ?. ഒരു ലക്ഷം കോടിയുടെ വികസനത്തിന് നേതൃത്വം നല്‍കിയവരാണ് കിഫ്ബി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരു അറ്റംവരെ സഞ്ചരിച്ചാല്‍ കിഫ്ബിയുെട കൃത്യമായ പദ്ധതിയിലൂടെ മാത്രമേ ഏതൊരാള്‍ക്കും സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എത്രയോ കാലമായി യുഡിഎഫ് തുടങ്ങിയതാണ്.
ഉമ്മന്‍ ചാണ്ടിയാണല്ലോ ഇത് തുടങ്ങിയത്. അതിനെ ഭാവനാപൂര്‍വം ഉപയോഗിച്ചുവെന്ന് മാത്രമല്ലേ ഇടതുമുന്നണി ചെയ്തുവച്ച തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടിയാണ്. ആ തെറ്റ് കേരളം ഫലപ്രദമായി അംഗീകരിച്ചതാണെന്നും ഗോവിന്ദന്‍ പറഞ്ഞു
















