ശ്രീലങ്കയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതി ദുരന്തത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’വിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന (IAF) നിര്‍ണായകമായ മാനുഷിക സഹായവും ദുരന്ത നിവാരണവും നല്‍കുന്നത് തുടരുന്നു. രക്ഷാപ്രവര്‍ത്തനം, ദുരിത ബാധിതരെ ഒഴിപ്പിക്കല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രാദേശിക ഏജന്‍സികളെ സഹായിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ ടീമുകള്‍, രക്ഷാ പ്രവര്‍ത്തകര്‍ തുടങ്ങിയ മാനുഷിക സഹായം വേഗത്തില്‍ എത്തിച്ചതിനു പുറമേ ഇന്ത്യന്‍ വ്യോമസേനയുടെ ദക്ഷിണ വ്യോമസേന ആസ്ഥാനത്തിന്റെ മേല്‍നോട്ടത്തില്‍ Mi-17V5 മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഗരുഡ് സ്‌പെഷ്യല്‍ ഫോഴ്സിന്റെ അംഗങ്ങളെയും കൊളംബോയിലേക്ക് വിന്യസിച്ചു.
ശ്രീലങ്കന്‍ അധികൃതരുമായി അടുത്ത ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്ററുകള്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെയും പരിക്കേറ്റവരെയും രക്ഷിക്കുന്നതിനുള്ള ഒട്ടനവധി ദൗത്യങ്ങള്‍ നടത്തി. അതിനു പുറമേ ശ്രീലങ്കന്‍ സൈന്യത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിന്യസിച്ചു. ഒന്നിലധികം ദൗത്യങ്ങള്‍ നടത്തിക്കൊണ്ട് വ്യോമസേന ഹെലികോപ്റ്ററുകള്‍ ദിയതലാവ ആര്‍മി ക്യാമ്പില്‍ നിന്നും കൊളംബോയില്‍ നിന്നും 57 ശ്രീലങ്കന്‍ ആര്‍മി ഉദ്യോഗസ്ഥരെ കോട്മലയിലേക്ക് എത്തിച്ചു. ശ്രീലങ്കയുടെ മധ്യ പ്രവിശ്യയിലെ മണ്ണിടിച്ചിലില്‍ തകര്‍ന്ന പ്രദേശമാണ് കോട്മല. ഇന്ത്യന്‍ വ്യോമസേന ഒരു ഹൈബ്രിഡ് ദൗത്യം ഏറ്റെടുത്തു.
അവിടെ ഗരുഡ് കമാന്‍ഡോകളെ ഒറ്റപ്പെട്ടുപോയ സാധാരണക്കാരുടെ അടുത്തേക്ക് ഇറക്കി. തുടര്‍ന്ന് ഇവരെ മുന്‍കൂട്ടി നിശ്ചയിച്ച ലാന്‍ഡിംഗ് സൈറ്റുകളിലേക്ക് കൊണ്ടുപോകുകയും അവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം സുരക്ഷിത സ്ഥലത്ത് എത്തിച്ചു. ഈ ദൗത്യത്തിലൂടെ ശ്രീലങ്കന്‍ പൗരന്‍മാര്‍ ഇന്ത്യക്കാര്‍, വിദേശ പൗരന്മാര്‍, എന്നിവരുള്‍പ്പെടെ ആകെ 55 സിവിലിയന്മാരെ കൊളംബോയിലേക്ക് വിജയകരമായി ഒഴിപ്പിച്ചു. ഈ ദൗത്യത്തില്‍ മരിച്ച ആറ് പേരും നാല് കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിനായി 12 ലധികം തവണ പറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും.
ദ്വീപ് രാജ്യത്തേക്ക് രക്ഷാ സാമഗ്രികള്‍ എത്തിക്കുന്നതിനും എന്‍.ഡി.ആര്‍.എഫ് ടീമുകളെ എത്തിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഐ.എല്‍ -76, സി -130 ജെ ഹെവി ലിഫ്റ്റ് വിമാനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ വലിയ തോതില്‍ ഒഴിപ്പിച്ചു. ഈ വിമാനങ്ങള്‍ കൊളംബോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ രാത്രി 7.30 ന് 200 ലധികം ഇന്ത്യക്കാരെ എത്തിച്ചു. സി -130 ജെ വിമാനങ്ങളില്‍ അടുത്ത 135 പേര്‍ കൂടി രാത്രി 11 30 യോടെ എത്തുകയും ചെയ്തു.
ഇന്ത്യയും ശ്രീലങ്കയും ആഴത്തിലുള്ള ചരിത്രപരവും സാംസ്‌ക്കാരികവും മാനുഷികവുമായ ബന്ധങ്ങള്‍ പങ്കിടുന്ന രാജ്യങ്ങളാണ്. പ്രാദേശിക സഹകരണത്തിന്റെയും പരസ്പര സഹായത്തിന്റെയും തത്വങ്ങളാല്‍ നയിക്കപ്പെടുന്ന, ആവശ്യമുള്ള സമയങ്ങളില്‍ അയല്‍ക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഓപ്പറേഷന്‍ സാഗര്‍ ബന്ധു വീണ്ടും ഉറപ്പിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ വ്യോമസേന പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്, കൂടാതെ ശ്രീലങ്കയിലെ ജനങ്ങളെ അവരുടെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളില്‍ സഹായിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുന്നത് തുടരും.
CONTENT HIGH LIGHTS; Indian Air Force in Sri Lanka?: “Operation Sagar Bandhu” rescued 335 Indian nationals; 57 Sri Lankan soldiers were evacuated from Diyatalawa-Colombo army camps to Kotmala
















