പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ലോക്സഭയിൽ ബഹളവും പ്രതിപക്ഷ പ്രതിഷേധവും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ ഇത് അനുവദിക്കാതെ വന്നതോടെ സഭാനടപടികൾ താറുമാറായി. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ലോക്സഭ 12 മണിവരെ നിർത്തിവെച്ചു.
പ്രതിപക്ഷ നേതാക്കളായ കെ.സി. വേണുഗോപാൽ അടക്കമുള്ളവർ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, ഈ വിഷയത്തിൽ ചർച്ച അനുവദിക്കാനാകില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുകയും സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും ചെയ്തു. ബഹളം നിയന്ത്രണാതീതമായതോടെ സഭാനടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സ്പീക്കർ തീരുമാനിച്ചു. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളും സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമർശിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ ചില രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ എൻഡിഎയുടെ വിജയവും തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വർധിച്ച പങ്കാളിത്തവും പ്രതീക്ഷ നൽകുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
”പരാജയത്തിന്റെ നിരാശയിൽനിന്ന് പ്രതിപക്ഷം പുറത്തുവരണം. അവർ അവരുടെ ചുമതല നിർവഹിക്കുകയും പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുകയും വേണം. നിർഭാഗ്യവശാൽ, ചില പാർട്ടികൾക്ക് പരാജയം അംഗീകരിക്കാൻ സാധിച്ചിട്ടില്ല,” മോദി പറഞ്ഞു. പ്രതിപക്ഷത്തിന് എങ്ങനെ പ്രവർത്തിക്കണമെന്ന് താൻ ഉപദേശം നൽകാൻ തയ്യാറാണെന്നും, എന്നാൽ സഭാനടപടികൾ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ഒഴിവാക്കുമെന്ന് അവർ ഉറപ്പുനൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നാടകം കളിക്കാൻ മറ്റ് സ്ഥലങ്ങൾ ധാരാളമുണ്ടെന്നും, പാർലമെന്റിൽ ആവശ്യം പ്രവർത്തനമാണെന്നും രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അംഗങ്ങൾക്ക് പാർലമെന്റിൽ കൂടുതൽ അവസരം ലഭിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന സമ്മേളനത്തിൽ ആണവോർജ ബിൽ ഉൾപ്പെടെ 14 സുപ്രധാന ബില്ലുകളാണ് സർക്കാർ പരിഗണിക്കുന്നത്. ചട്ടം അനുസരിച്ച് സമ്മേളനം മുന്നോട്ട് പോകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
അതേസമയം, 20 ദിവസമായി നിശ്ചയിച്ചിരുന്ന സമ്മേളനം 15 ദിവസത്തേക്ക് വെട്ടിച്ചുരുക്കിയതിൽ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാർ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
















