രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നടിച്ചു. ഒളിച്ചിരിക്കുന്ന സ്ഥലം അറിയാമെങ്കിൽ താനും കൂടെ വരാൻ തയ്യാറാണെന്ന് പ്രസ്താവിച്ച് അദ്ദേഹം ആരോപണത്തെ ശക്തമായി പരിഹസിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു കീഴ്‌വഴക്കം പാർട്ടിയിൽ ഇല്ലെന്നും, രാജി ആവശ്യപ്പെടില്ലെന്നും അദ്ദേഹം തീർത്തു പറഞ്ഞു. “ആ കട്ടിൽ കണ്ട് പനിക്കണ്ട” എന്ന പ്രയോഗത്തിലൂടെ ഈ വിഷയത്തിൽ യുഡിഎഫ് രാജി ആവശ്യപ്പെടാൻ പോകുന്നില്ലെന്ന സന്ദേശം നൽകി. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലിനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ച സംഭവത്തിൽ ഗുരുതരമായ ആരോപണമാണ് കെപിസിസി അധ്യക്ഷൻ ഉന്നയിച്ചത്. ഈ നീക്കം ഒരു ‘അഡ്ജസ്റ്റ്മെൻ്റ്’ ആണെന്ന് അദ്ദേഹം ആരോപിച്ചു. മുമ്പ് വിവേക് കിരണിന് അയച്ച നോട്ടീസിന്റെ അവസ്ഥ തന്നെയായിരിക്കും ഈ നോട്ടീസിനുമുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















