മുംബൈയിൽ 51 വയസ്സുള്ള ഒരു ബിസിനസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, നിർബന്ധിച്ച് വിവസ്ത്രയാക്കി നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമുള്ള പരാതി. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്‌ക്കെതിരെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് എംഡി ആയ ജോയ് ജോൺ പാസ്‌കൽ പോസ്റ്റിനെതിരെയാണ് 51-കാരിയായ ബിസിനസുകാരി പരാതി നൽകിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒരു ബിസിനസ് കൂടിക്കാഴ്ചയുടെ പേരിൽ ഫാർമ കമ്പനിയുടെ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷമാണ് പ്രതികൾ ഉപദ്രവിച്ചതെന്നാണ് ആരോപണം.
ഓഫീസിൽ വെച്ച് പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ വിവസ്ത്രയാക്കിയെന്നും, ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സ്ത്രീയുടെ പരാതി. സംഭവം പുറത്തുപറഞ്ഞാൽ ഈ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഫാർമ കമ്പനി എംഡി ഉൾപ്പെടെ ആറുപേർക്കെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ആയുധമുപയോഗിച്ചുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾക്കായി പോലീസ് പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
















