പ്രശസ്ത യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരായ പോക്സോ കേസ് സുപ്രീം കോടതി ഉപാധികളോടെ റദ്ദാക്കി. കടയ്ക്കാവൂര്‍ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഭാവിയില്‍ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് വിചാരണ കോടതിയിലും പോലീസ് സ്റ്റേഷനിലും രേഖാമൂലം ഉറപ്പ് നല്‍കണമെന്നതാണ് പ്രധാന ഉപാധി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. നല്‍കിയ ഉറപ്പ് ലംഘിച്ചാല്‍ കേസിന്റെ നിയമനടപടികള്‍ പുനഃസ്ഥാപിക്കുമെന്നും ബെഞ്ച് സൂരജ് പാലാക്കാരന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ വിഷമമുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുന്നതായി സൂരജ് പാലാക്കാരന്‍ നേരത്തെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.
ഈ മാപ്പ് അപേക്ഷാ നിലപാട് യൂട്യൂബറുടെ അഭിഭാഷകന്‍ അഡ്വ. അഡോള്‍ഫ് മാത്യൂസ് ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കേസ് റദ്ദാക്കുന്നതിലേക്ക് കോടതി നീങ്ങിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ ഹര്‍ഷദ് വി. ഹമീദാണ് കോടതിയില്‍ ഹാജരായത്. ഇരയുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പാക്കുന്ന നിയമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി കേസ് തീർപ്പാക്കിയത്.
















