കനത്ത മഴയും ചുഴലിക്കാറ്റും ഏഷ്യൻ രാജ്യങ്ങളിൽ വലിയ ദുരന്തമാണ് വിതച്ചിരിക്കുകയാണ്. ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലായി വെള്ളപ്പൊക്കത്തിലും അനുബന്ധ ദുരിതങ്ങളിലും മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇന്തൊനീഷ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്; 502 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ശ്രീലങ്കയിൽ 335 പേരും തായ്‌ലൻഡിൽ 176 പേരും മലേഷ്യയിൽ മൂന്ന് പേരുമാണ് മരിച്ചത്.
ഇന്തൊനീഷ്യയിലെ വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. വടക്കൻ സുമാത്രയിൽ മാത്രം മരണസംഖ്യ ഇരുനൂറോളം കടന്നു. വലിയൊരു ജനവിഭാഗത്തിന്റെ ജീവിതമാർഗവും വീടുകളുമാണ് പ്രളയത്തിൽ തകർന്നടിഞ്ഞത്.
ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയും പ്രളയവും ശ്രീലങ്കയെയും പ്രതിസന്ധിയിലാക്കി. രാജ്യത്തുടനീളം ഒന്നരലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളപ്പൊക്കത്തിൽ കാണാതായ 370 പേർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. കൊളംബോയുടെ കിഴക്കൻ മേഖലകളിലും പുതിയ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ത്യയുടെ സഹായം നിർണായകമായി. ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 80 അംഗ സംഘത്തെയാണ് ശ്രീലങ്കയിലേക്ക് അയച്ചത്. കൂടാതെ, വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വിവിധയിടങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയും രോഗികളെയും രക്ഷപ്പെടുത്തി.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ആദ്യഘട്ടമായി 21 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ എത്തിച്ചു. കൂടുതൽ സഹായങ്ങളുമായി ഐഎൻഎസ് സുകന്യ കപ്പൽ വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ടിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. വ്യോമസേനാ വിമാനങ്ങളിൽ 247 പേരെ തിരുവനന്തപുരത്തേക്കും 76 പേരെ ഡൽഹി ഹിൻഡനിലേക്കും എത്തിച്ചു. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ദൗത്യം നടക്കുന്നത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ സഹായം ആവശ്യമുള്ളവർക്കായി +94 773727832 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
















