ഉത്തർ പ്രദേശിലെ അലീഗഢിലെ സിവിൽ ലൈൻസ് പ്രദേശത്തെ ഒരു വിവാഹ സൽക്കാരത്തിൽ ഭക്ഷണ കൗണ്ടറിൽ ‘ബീഫ് കറി’ എന്നെഴുതിയ സ്റ്റിക്കർ കണ്ടതിനെത്തുടർന്ന് കടുത്ത സംഘർഷം. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിലർ രംഗത്തെത്തുകയും വാക്കേറ്റം കൂട്ടത്തല്ലിലേക്ക് വഴിമാറുകയും ചെയ്തു.
വിവാഹത്തിൽ പങ്കെടുത്ത ആകാശ്, ഗൗരവ് കുമാർ എന്നിവരാണ് ഭക്ഷണത്തിലെ സ്റ്റിക്കർ ആദ്യം ശ്രദ്ധിച്ചത്. ഇവർ ഇത് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുകയും ഇതിന്റെ വീഡിയോ എടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഉദ്യോഗസ്ഥർ ഭക്ഷണ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ഗൗരവ് കുമാർ, മതവികാരം മനഃപൂർവം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കാറ്ററിങ് നടത്തിയ ആൾക്കെതിരെ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
പരാതിയെത്തുടർന്ന് കാറ്ററിങ് ജീവനക്കാരനെയും മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും രാത്രി വൈകി വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സർക്കിൾ ഓഫീസർ സർവം സിങ് വ്യക്തമാക്കി. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുകയും മാംസത്തിന്റെ സ്വഭാവം സ്ഥിരീകരിക്കുകയും ചെയ്തതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. പോത്തിറച്ചി, പശു മാംസം എന്നിവക്ക് പകരമായി ‘ബീഫ്’ എന്ന പദം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഈ മേഖലയിൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇത് മുൻപും സംഘർഷങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.
സംഭവം വാർത്തയായതോടെ, ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. എന്നാൽ, സ്റ്റേഷനിലെത്തിയ ബിഎസ്പി നേതാവ് സൽമാൻ ഷാഹിദ് ബിജെപി പ്രവർത്തകർക്കെതിരെ ആരോപണമുന്നയിച്ചു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാതെ ഏകപക്ഷീയമായ രീതിയിലാണ് ബിജെപി പ്രവർത്തകർ പെരുമാറിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ രാഷ്ട്രീയപരമായ വാഗ്വാദവും തർക്കവും സ്റ്റേഷനിൽ അരങ്ങേറി.
















