തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തിയ ‘എക്കോ’ എന്ന ചിത്രം. ആസിഫ് അലി നായകനായ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം ആഖ്യാന ശൈലികൊണ്ടും കഥാപരിസരം കൊണ്ടും മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിലേക്കാണ് നടന്നടുത്തുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മറ്റു താരങ്ങളെ പോലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ‘മ്ലാത്തി ചേട്ടത്തി’. ഇപ്പോഴിതാ മ്ലാത്തി ചേട്ടത്തിയെ അവതരിപ്പിച്ച കലാകാരിയെ എങ്ങനെയാണ് കണ്ടെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശ്.
“എക്കോയിലെ മ്ലാത്തി ചേട്ടത്തി ശരിക്കും ഒരു അഭിനേതാവല്ല. സംവിധായകൻ ക്രിസ്റ്റോ ടോമി സജസ്റ്റ് ചെയ്ത ഒരു ഷോർട്ട് ഫിലിമിന്റെ സംവിധായകൻ മേഘാലയക്കാരനായിരുന്നു. അതിൽചെറിയൊരു വേഷത്തിൽ ഇവർ വന്നിരുന്നു. പ്രൊഫഷണൽ ആക്ടർ ഒന്നുമല്ല.” ബാഹുൽ രമേശ് പറയുന്നു. “വിരമിക്കുന്നതുവരെ ഒരു സെൻട്രൽ ഗവണ്മെന്റ് ജോലിക്കാരിയായിരുന്നു അവർ. പിന്നീട് ടീച്ചറായും വർക്ക് ചെയ്തിട്ടുണ്ട്. അവർ ഈ സിനിമയിലേക്ക് വരുന്നത് തന്നെ ഒരു സാഹസം പോലെയായിരുന്നു. ‘ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം ചെയ്യണം, അഭിനയം എനിക്ക് അറിയില്ല. പക്ഷെ ഒന്ന് ശ്രമിച്ചുനോക്കാം’ എന്നാണ് അവർ എന്നോട് പറഞ്ഞത്.” ബാഹുൽ രമേശ് കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാഹുലിന്റെ പ്രതികരണം.
















