ലൈംഗികാതിക്രമ കേസിൽ പ്രതിയായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ തുടരുന്നു. രാഹുലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.
കൊയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിൻ്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും.
പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് മൊഴി എടുത്തിരുന്നു.
രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.
















