രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. നിർബന്ധിത ഗർഭഛിദ്രത്തിന് പിന്നാലെ അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം.
ഇതേത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിച്ചെന്ന് യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി. കേരളത്തിലും തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ നടത്തുന്നുണ്ട്. രാഹുൽ പാലക്കാട്ടുനിന്നു മുങ്ങിയ കാർ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാർ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എന്ന മുൻ നിലപാടാണ് മാറ്റിയത്.
















