രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം 90,000-ത്തോളം പേരാണ് മല ചവിട്ടിയത്. പുലർച്ചെ നട തുറന്നതുമുതൽ ദർശനത്തിനായി തീർത്ഥാടകരുടെ നീണ്ട നിരയാണ് സന്നിധാനത്ത്.
പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദർശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടർന്നു.
തീർഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത് എത്തി പൊലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.
















