പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരാക്രമണത്തിന്റെ പുതിയ തന്ത്രം പ്രയോഗിച്ച് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ബലൂചിസ്ഥാനിലെ ചഗായിയിൽ നടന്ന ചാവേറാക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് നിയന്ത്രിത ചെമ്പ്-സ്വർണ്ണ ഖനന പദ്ധതി കേന്ദ്രം പ്രവർത്തിക്കുന്ന അതീവ സുരക്ഷാ കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വനിതാ ചാവേറിനെ ഉപയോഗിച്ച് ബിഎൽഎഫ് നടത്തുന്ന ഇത്തരമൊരു ആക്രമണം ഇതാദ്യമാണ് എന്നതിനാൽ സംഭവം ഏറെ ഗൗരവത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
ചാവേറാക്രമണം നടത്തിയത് സറീന റഫീഖ് എന്ന ‘ട്രാംഗ് മഹൂ’ ആണ്. സൈനിക ക്യാമ്പിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിലെ ബാരിക്കേഡിന് സമീപം സ്വയം പൊട്ടിത്തെറിച്ചാണ് ഇവർ ആക്രമണം നടത്തിയത്. മറ്റ് പോരാളികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. ആക്രമണത്തിന് ശേഷം ചാവേറിന്റെ ചിത്രം ബിഎൽഎഫ് പുറത്തുവിട്ടു. ബിഎൽഎഫിന്റെ കീഴിലുള്ള ജീവൻ ബലിയർപ്പിക്കാൻ തയ്യാറുള്ളവരുടെ യൂണിറ്റായ ‘സാദോ ഓപ്പറേഷൻ ബറ്റാലിയൻ’ (എസ്.ഒ.ബി) ആണ് ഓപ്പറേഷൻ നടത്തിയതെന്ന് വക്താവ് ഗ്വാഹ്‌റാം ബലൂച് ടെലിഗ്രാമിലൂടെ അറിയിച്ചു.
ഈ ആക്രമണം പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാരണം, ബലൂച് വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) നേരത്തെ പ്രയോഗിച്ചിരുന്ന ചാവേർ തന്ത്രമാണ് ഇപ്പോൾ ബിഎൽഎഫും ഏറ്റെടുത്തിരിക്കുന്നത് എന്നതാണ്. ജാഫർ എക്സ്പ്രസ് ഹൈജാക്ക് ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ നടത്തി ശ്രദ്ധേയരായവരാണ് ബിഎൽഎ. ഈ രണ്ട് ഗ്രൂപ്പുകളും ഒരേ പാത പിന്തുടരുന്നത് മേഖലയിലെ സുരക്ഷാ ഭീഷണിയുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
ചൈനീസ് കമ്പനികളും ഒരു കനേഡിയൻ സ്ഥാപനവും ചേർന്ന് കൈകാര്യം ചെയ്യുന്ന സൈൻഡാക്ക്, റെക്കോ ഡിക് ഖനന പദ്ധതികളുമായി ബന്ധമുള്ള സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. തന്ത്രപരമായി പ്രാധാന്യമുള്ളതും ഉയർന്ന മൂല്യമുള്ളതുമായ ആസ്തികൾ ലക്ഷ്യമിട്ടാണ് വിമതർ ഇപ്പോൾ ആക്രമണങ്ങൾ നടത്തുന്നത് എന്നതിന്റെ സൂചനയായാണ് സുരക്ഷാ വിദഗ്ധർ ഈ സംഭവത്തെ വിലയിരുത്തുന്നത്. ഇത് പാകിസ്താനിലെ ചൈനീസ് താൽപ്പര്യങ്ങൾക്കും മേഖലയിലെ വികസന പദ്ധതികൾക്കും വലിയ ഭീഷണിയുയർത്തുന്നു.
















