തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്‌സ്) വിനിയോഗവുമായി ബന്ധപ്പെട്ട് സിപിഐയും എംപിയുടെ ഓഫീസും തമ്മിൽ വാക്പോര്. 10 കോടി രൂപയുടെ ഫണ്ടിൽ ഒന്നര വർഷം കൊണ്ട് ഒരു പദ്ധതി മാത്രമാണ് പൂർത്തീകരിച്ചതെന്നാണ് സിപിഐയുടെ ആരോപണം. അതേസമയം, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനുമതി വൈകലാണ് പദ്ധതികൾ ഇഴയാൻ കാരണമെന്ന് എംപി ഓഫീസ് തിരിച്ചടിച്ചു.
സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. മണിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സുരേഷ് ഗോപിയുടെ എംപി ഫണ്ട് വിനിയോഗത്തിലെ കുറവ് വ്യക്തമാക്കുന്നത്. അനുവദിച്ച 10 കോടി രൂപയിൽ, മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 16,80,000 രൂപയുടെ ഒരു റോഡ് വാർക്കൽ മാത്രമാണ് ഇതുവരെ നിർമാണം പൂർത്തിയാക്കി ഫണ്ട് കൈപ്പറ്റിയത്. പ്രാദേശിക വികസന ഫണ്ട് അവലോകനത്തിനായി ഇക്കാലയളവിൽ നാലു യോഗങ്ങൾ ചേർന്നുവെങ്കിലും എംപി ഒരെണ്ണത്തിൽ പോലും പങ്കെടുത്തില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.
കൂടാതെ, ഫണ്ട് അനുവദിച്ചതിൽ ഭൂരിഭാഗം പഞ്ചായത്തുകളെയും എംപി അവഗണിച്ചതായും സിപിഐ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വികസനത്തിന്റെ ‘വായ്ത്താരി’ മുഴക്കുമ്പോൾ ഈ യാഥാർഥ്യം തിരിച്ചറിയണമെന്ന് സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അഭ്യർഥിച്ചു.
സിപിഐയുടെ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച എംപി ഓഫീസ്, 8.30 കോടി രൂപയുടെ പദ്ധതികൾ ഇതിനകം ജില്ലാ പ്ലാനിങ് ഓഫീസർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഭരണാനുമതി നൽകാൻ മനഃപൂർവം വൈകിക്കുകയാണെന്നും വ്യക്തമാക്കി. ഒരു പദ്ധതി സമർപ്പിച്ചാൽ 45 ദിവസത്തിനകം ഭരണാനുമതി നൽകണമെന്ന കേന്ദ്രസർക്കാർ നിഷ്‌കർഷ നിലനിൽക്കെ, ഇവിടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പദ്ധതികൾക്ക് അനുമതി നൽകാതെ ഇഴയ്ക്കുകയാണ്. ഉദാഹരണമായി, തൃശ്ശൂർ കോർപറേഷനിൽ ഫെബ്രുവരി- മാർച്ചിൽ സമർപ്പിച്ച പദ്ധതികൾക്ക് ഒക്ടോബർ 28-നാണ് അനുമതി നൽകിയത്.
സുരേഷ് ഗോപി ഒരു എംപി മാത്രമല്ല, കേന്ദ്രമന്ത്രികൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭാവത്തിൽ പിഎയാണ് യോഗങ്ങളിൽ പങ്കെടുക്കാറുള്ളതെന്നും ഓഫീസ് വിശദീകരിച്ചു. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മാത്രം അന്വേഷിക്കുന്നവർ മറ്റ് 19 എംപിമാർ എത്ര ഫണ്ട് ഉപയോഗിച്ചുവെന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്? എന്നും ഓഫീസ് തിരിച്ചടിച്ചു. പദ്ധതി പൂർത്തിയാക്കി ബിൽ റിലീസ് ചെയ്ത് പണം കരാറുകാരന് ലഭിച്ചാൽ മാത്രമേ അത് സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ, അതുകൊണ്ടാണ് ഒരു പദ്ധതി മാത്രം പൂർത്തീകരിച്ചതായി കാണിക്കുന്നതെന്നും എംപി ഓഫീസ് വ്യക്തമാക്കി.
















