രാജ്യത്തിന്റെ തീരദേശ സുരക്ഷ ശക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ നാവികസേന ദിനാചരണം നാളെ തിരുവനന്തപുരം ശംഖുമുഖത്ത് നടക്കും. നാവികസേനയുടെ ശക്തിയും സന്നദ്ധതയും വിളിച്ചോതുന്ന ഈ വലിയ ആഘോഷത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും.
ഇന്ത്യൻ സമുദ്രമേഖലയിലെ ചൈനീസ് സാന്നിധ്യത്തെ ഇന്ത്യൻ നാവികസേന കടുത്ത ഭീഷണിയായി കാണുന്നില്ലെന്ന് നാവികസേനാ ദക്ഷിണമേഖലാ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന വ്യക്തമാക്കി. നാവികസേനയുടെ നിരീക്ഷണക്കണ്ണിലാണ് ചൈനീസ് കപ്പലുകളുള്ളത്.
ചൈനീസ് ചാര, നിരീക്ഷണക്കപ്പലുകൾ എവിടെയൊക്കെയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞാണ് നാവികസേന പ്രവർത്തിക്കുന്നത്. എന്നാൽ, നിലവിലെ നീക്കങ്ങളിലെ സുതാര്യതക്കുറവ് ആശങ്കകൾക്കിടയാക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ തീരസുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കുമുമ്പ് ചീനവല ഉൾപ്പെടെയുള്ള ചൈനീസ് ഉത്പന്നങ്ങൾ കേരളത്തിലെത്തിയിരുന്നുവെങ്കിലും അന്ന് മറ്റ് താൽപര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.രാജ്യത്തിനെതിരായ ഏതു തരത്തിലുള്ള ഭീഷണികളും നേരിടാൻ നാവികസേന സുസജ്ജമാണ്. നാവികസേനയുടെ നിലവിലെ ശേഷിയിൽ 138 പടക്കപ്പലുകളും അന്തർവാഹിനികളും 264 വിമാനങ്ങളുമാണ് ഉള്ളത്.
51 കപ്പലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൂടാതെ, 65 കപ്പലുകളുടെയും 9 അന്തർവാഹിനികളുടെയും നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതുതലമുറ ആയുധങ്ങളുടെ നിർമ്മാണം ഉൾപ്പെടെയുള്ള നവീകരണത്തിന്റെ പാതയിലാണ് നാവികസേനയെന്നും വൈസ് അഡ്മിറൽ സക്‌സേന അറിയിച്ചു.
ദക്ഷിണമേഖലാ കമാൻഡിന്റെ കീഴിലുള്ള ഏഴു തീരദേശ സംസ്ഥാനങ്ങളിലെ 32 പരിശീലനകേന്ദ്രങ്ങളിൽ പ്രതിവർഷം 1600 കോഴ്‌സുകളിലായി 13,000 പേരെയാണ് പരിശീലിപ്പിക്കുന്നത്. പ്രതിരോധരംഗത്ത് മൂന്നു സേനകളെയും യോജിപ്പിക്കുന്ന തിയറ്റർ കമാൻഡ് രൂപീകരണത്തിനായുള്ള ചർച്ചകൾ സജീവമായി നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാളെ ശംഖുമുഖത്ത് നടക്കുന്ന പരിപാടിയിൽ നാവികസേനയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, 4 എഫ്ഐസികൾ എന്നിവ പങ്കെടുക്കും. കൂടാതെ, യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 32 വിമാനങ്ങളും പ്രകടനത്തിന്റെ ഭാഗമാകും.
രാഷ്ട്രപതി ദ്രൗപദി മുർമു ‘നേവൽ ഡേ ഓപ്പറേഷൻ’ ഉദ്ഘാടനത്തിനായി നാളെ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തും. അവിടെ ടെക്‌നിക്കൽ ഏരിയയിൽ ഗവർണറും മുഖ്യമന്ത്രിയും നാവികസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരണം നൽകും. തുടർന്ന് നേരിട്ട് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി 4.30ന് ഉദ്ഘാടനം നിർവ്വഹിക്കും.
















