ഉത്തർപ്രദേശിലെ കാൺപുരിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരത. റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങി നൽകാത്തതിനെ തുടർന്ന് വിവാഹത്തിന്റെ പിറ്റേന്ന് തന്നെ നവവധുവിനെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും ഇറക്കിവിട്ടു. കാൺപുരിലെ ജുഹിയിലാണ് സംഭവം. ലുബ്‌ന എന്ന യുവതിക്കാണ് ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
നവംബർ 29-നാണ് മുഹമ്മദ് ഇമ്രാനുമായി ലുബ്‌നയുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ലുബ്‌ന ഭർത്താവായ ഇമ്രാനോടൊപ്പം ഭർതൃവീട്ടിൽ എത്തി. എന്നാൽ, എത്തിയ ഉടൻ തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ ഉപദ്രവം തുടങ്ങുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഭർത്താവായ ഇമ്രാനുവേണ്ടി ഒന്നും കൊണ്ടുവന്നില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങുന്നതിനുള്ള പണം വീട്ടുകാരിൽ നിന്ന് ചോദിച്ച് വാങ്ങാൻ ആവശ്യപ്പെട്ടു.
ബുള്ളറ്റ് കൊണ്ടുവരാത്ത സ്ഥിതിക്ക് പകരം വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊണ്ടുവരാനും ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതായി ലുബ്‌ന ആരോപിച്ചു. വിവാഹ സമയത്ത് അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങളും കുടുംബം നൽകിയ പണവും ഭർതൃവീട്ടുകാർ നിർബന്ധപൂർവ്വം കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് തന്നെ മർദിക്കുകയും തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നുവെന്ന് ലുബ്‌ന കൂട്ടിച്ചേർത്തു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് മകളെ വിവാഹം കഴിപ്പിച്ച് അയച്ചതെന്ന് ലുബ്‌നയുടെ കുടുംബം വ്യക്തമാക്കി. സോഫാസെറ്റ്, ടിവി, വാഷിങ് മെഷീൻ, ഡ്രസിങ് ടേബിൾ, വാട്ടർ കൂളർ, ഡിന്നർ സെറ്റ്, വസ്ത്രങ്ങൾ, അടുക്കളയിലേക്ക് ആവശ്യമായ സ്റ്റീൽ-ചെമ്പ് പാത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ സ്ത്രീധനമായി നൽകിയിരുന്നുവെന്നും കുടുംബം അറിയിച്ചു.
സംഭവത്തിൽ ലുബ്‌നയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഇമ്രാനും കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരിൽ നടന്ന ഈ ക്രൂരത നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
















