2017 ൽ ഇന്ത്യകാരിയായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യു.എസിൽ നിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നവർക്ക് 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ. യു.എസിൽ ജോലി ചെയ്തിരുന്ന ശശികല നാര (38), മകനായ അനീഷ് നാര (6) വയസ്സ് എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇന്ത്യക്കാരനായ നസീർ ഹമീദ് രക്ഷപ്പെട്ടത്.
2017 മാർച്ചിൽ യു.എസിലെ ന്യൂജഴ്സിലെ അപാർട്മെന്റിൽ വെച്ചാണ് ശശികലയെയും മകനെയും പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തി ആറുമാസത്തിന് ശേഷമാണ് ഇയാൾ ഇന്ത്യയിലേക്ക് കടക്കുന്നത്. ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കൈമാറാൻ സർക്കാർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും എഫ്.ബി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊലപാതകം നടക്കുന്നതിന് മുമ്പ് ശശി കലയുടെ ഭർത്താവ് ഹനുമന്ത് നാരയെയും മറ്റ് കുടുംബാംഗങ്ങളെയും ഇയാൾ പിന്തുടർന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് കൊലപാതകി നസീർ തന്നെയാണെന്ന് വ്യക്തമായത്. ഇതോടെ ഇയാൾക്കെതിരെ എഫ്.ബി.ഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ നസീർ ഹമീദിനെതിരെ യു.എസ് കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു.
ഇയാളെ കുറിച്ച് ഇപ്പോഴും വിവരങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് ഇയാളെ കുറിച്ച് വിവരങ്ങൾനൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. നസീർ ഹമീദിനെ അറസ്റ്റ് ചെയ്‌ത് യു.എസിലെത്തിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.
















