പ്രണയം എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. ചിലർക്ക് അത് ആത്മാർത്ഥമായ ബന്ധമാകുമ്പോൾ, മറ്റു ചിലർക്ക് അത് പണത്തിനോ നേരംപോക്കിനോ മറ്റ് സ്വാർത്ഥ താൽപ്പര്യങ്ങൾക്കോ വേണ്ടിയുള്ള മറ മാത്രമായിരിക്കും. സമീപകാലത്ത് പ്രണയവഞ്ചനയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം ആശങ്കയുണർത്തുന്നതാണ്—അത് വിവാഹിതരായാലും അവിവാഹിതരായാലും. തങ്ങൾ ആത്മാർത്ഥമായി പ്രണയിച്ചത് കപടമായിരുന്നുവെന്നും, തിരിച്ചുലഭിച്ചത് വെറും ചതിയായിരുന്നുവെന്നും തിരിച്ചറിയുന്ന നിമിഷമാണ് പലരും പ്രതികാരത്തിൻ്റെ പാതയിലേക്ക് തിരിയുന്നത്.
താൻ സ്നേഹിച്ച സ്ത്രീക്ക് ഭർത്താവും മക്കളുമുണ്ടെന്ന കാര്യം മറച്ചുവെച്ചതും, അവർ ഒരു ലൈംഗികത്തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞതും ഒരു യുവാവിനെ കൊലപാതകിയാക്കി മാറ്റിയ ഞെട്ടിക്കുന്ന കഥയാണ് തമിഴ്നാട്ടിൽ നിന്ന് പുറത്തുവന്നത്. തൻ്റെ പ്രണയം വെറും നേരംപോക്കായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, ആ ബന്ധം ഒരു ദുരന്തമായി അവസാനിച്ചു.
മൊയ്തീനും സരസ്വതിയും പരസ്പരം പ്രണയിക്കുകയും വിവാഹിതരാകാൻ തയ്യാറെടുക്കുകയും ചെയ്തവരായിരുന്നു. ഇരുവരും തമിഴ്നാട്ടിലെ കൊളത്തൂരിലെ വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. എന്നാൽ ആ പ്രണയം ഒടുവിൽ പകയായി മാറിയ കാഴ്ചയായിരുന്നു ആ വീട് സാക്ഷ്യം വഹിച്ചത്.
2025 ഓഗസ്റ്റ് രണ്ടാം തീയതിയാണ് കൊളത്തൂരിലെ ഒരു ഇരുനില വാടകവീടിന്റെ മുകൾനിലയിൽ നിന്ന് ഏഴു ദിവസത്തോളം പഴക്കമുള്ള സരസ്വതിയുടെ ജീർണിച്ച മൃതദേഹം പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം പ്രദേശത്ത് അനുഭവപ്പെട്ട രൂക്ഷമായ ദുർഗന്ധമാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. എലിയോ പൂച്ചയോ ചത്തതാകാം എന്നാണ് അയൽക്കാർ ആദ്യം കരുതിയത്. ദുർഗന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവർ വീടിന്റെ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാതിൽ തുറന്നപ്പോൾ സോഫയിൽ മരവിച്ച് അഴുകിത്തുടങ്ങിയ നിലയിൽ സരസ്വതിയുടെ മൃതദേഹമാണ് കണ്ടത്. മുറിയിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസുകളും കണ്ടെടുത്തു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇരുവരും വിവാഹിതരാകാൻ പോകുന്നവർ ആണെന്നാണ് അവിടെയുള്ളവരെല്ലാം അറിയിച്ചിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സരസ്വതി ശ്രീലങ്കൻ സ്വദേശിനി ആണെന്ന് കണ്ടെത്തി. കൂടുതൽ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, സരസ്വതിക്ക് ശ്രീലങ്കയിൽ വെച്ച് ഗണേശൻ എന്ന ഒരാളുമായി വിവാഹം കഴിഞ്ഞിരുന്നു എന്നും അവർക്ക് കുട്ടികളുണ്ടായിരുന്നു എന്നുള്ളതാണ്.
ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന സമയത്താണ് സരസ്വതി മൊയ്തീനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കേസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സരസ്വതിയുടെ നെഞ്ചിലേറ്റ ശക്തമായ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നും, ചവിട്ടേറ്റതിനെത്തുടർന്ന് ആസ്മാ രോഗിയായ യുവതിക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നുവെന്നും റിപ്പോർട്ടിൽ തെളിഞ്ഞു. കൊലപാതകം ചെയ്ത ഉടൻ തന്നെ മൊയ്തീൻ ഒളിവിൽ പോവുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് യുവതിയുടെ മൊബൈൽ ഫോൺ കാണാതായിരുന്നു. കൊലപാതകം നടന്നുവെന്ന് കരുതുന്ന ജൂലൈ 25-ന് സരസ്വതിയോടൊപ്പം വീട്ടിലെത്തിയ മൊയ്തീൻ പിറ്റേദിവസം രാവിലെ ഒറ്റയ്ക്ക് ടു-വീലറിൽ മടങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊയ്തീൻ തന്റെ സ്വദേശമായ കാൺപൂരിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി.
കാൺപൂരിലെത്തി മൊയ്തീനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സരസ്വതിയെ മൊയ്തീൻ ആത്മാർത്ഥമായിട്ടായിരുന്നു സ്നേഹിച്ചത്. എന്നാൽ സരസ്വതി വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചാണ് മൊയ്തീനുമായി അടുപ്പത്തിലായത്. സംഭവ ദിവസം താനും സരസ്വതിയും മദ്യപിച്ചിരിക്കുന്ന സമയത്ത് സരസ്വതിയുടെ ഫോണിലേക്ക് ഒരുപാട് കോളുകൾ വരുന്നത് മൊയ്തീൻ ശ്രദ്ധിക്കുകയുണ്ടായി.
അപ്പോഴാണ് മൊയ്തീൻ അറിയുന്നത്, സരസ്വതിക്ക് ഒരുപാട് പേരുമായി അവിഹിതബന്ധം ഉണ്ടായിരുന്നതും പണത്തിന് വേണ്ടി ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരുന്നുവെന്നുമുള്ള കാര്യങ്ങൾ. താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയ ദേഷ്യത്തിലും സങ്കടത്തിലും, മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം നടന്നത്.
ആസ്മാ രോഗിയായിരുന്ന സരസ്വതിയെ മൊയ്തീൻ നെഞ്ചിൽ ആഞ്ഞുചവിട്ടുകയായിരുന്നു. ചവിട്ടേറ്റതിനെത്തുടർന്ന് സരസ്വതി മരണപ്പെട്ടു. സരസ്വതി മരിച്ചു എന്ന് മനസ്സിലാക്കിയ മൊയ്തീൻ ഭയം കാരണം വീട് പൂട്ടി നാടുവിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളുമാണ് കേസിൽ നിർണായകമായത്. നിലവിൽ മൊയ്തീൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
















