പാശ്ചാത്യ മുതലാളിത്ത വ്യവസ്ഥിതി സ്ത്രീകളുടെ അന്തസ്സും മഹിമയും കവർന്നെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പാശ്ചാത്യ നിലപാടുകളേക്കാൾ ശ്രേഷ്ഠം ഇസ്‌ലാമിക കാഴ്ചപ്പാടാണെന്നും അദ്ദേഹം ശക്തമായി അഭിപ്രായപ്പെട്ടു. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള ഇറാൻ ഭരണകൂടത്തിന്റെ സമീപനങ്ങൾ ആഗോള തലത്തിൽ രൂക്ഷ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഖമനയിയുടെ ഈ സുപ്രധാന പ്രസ്താവന.
സ്ത്രീകളെ ‘സംരക്ഷിക്കപ്പെടേണ്ട പുഷ്പങ്ങൾ’ എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇറാന്റെ കാഴ്ചപ്പാട് വിശദീകരിച്ചത്. “സ്ത്രീകൾ വീട്ടിലെ മാനേജർമാരാണ്. ‘നീ അതെന്താണ് ചെയ്യാത്തത്?’, ‘ഇതെന്താണ് ചെയ്യാത്തത്?’, ‘എന്താണ് വീട് വൃത്തിയാക്കാത്തത്?’ എന്നൊന്നും ചോദിക്കാനുള്ള നിങ്ങളുടെ ജോലിക്കാരല്ല അവർ. സ്ത്രീകൾ പൂക്കളെ പോലെയാണ്. സംരക്ഷിക്കപ്പെടേണ്ട പുഷ്പങ്ങൾ. നിറം കൊണ്ടും മണം കൊണ്ടും ഗുണം കൊണ്ടും അവൾ നിങ്ങളെ സമ്പന്നമാക്കും,” ഖമനയി കുറിച്ചു.
പാശ്ചാത്യ രാജ്യങ്ങൾ സ്ത്രീകളെ കേവലം ഉപകരണമായും അടിമകളായും പരിമിതപ്പെടുത്തുകയാണെന്ന് ഖമനയി ആരോപിച്ചു. “സ്വാതന്ത്ര്യം” എന്ന പേരിൽ ചില രാജ്യങ്ങൾ സ്ത്രീകളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിലെ ഓരോ സ്ത്രീക്കും സ്നേഹവും പരിഗണനയും ലഭിക്കണം. ലോകത്ത് എവിടെ താമസിക്കുന്നവരാണെങ്കിലും ഇസ്‌ലാം പിന്തുടരുന്നതും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കുന്നതും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസിലെ കുടുംബഘടനയുടെ തകർച്ചയ്ക്ക് കാരണം അമേരിക്കൻ മുതലാളിത്തമാണ് എന്ന് ഖമനയി ശക്തമായി വാദിച്ചു. “പിതാവില്ലാത്ത കുട്ടികൾ, തകരുന്ന കുടുംബ ബന്ധങ്ങൾ, യുവതികളെ പീഡിപ്പിക്കുന്ന ഗുണ്ടാസംഘങ്ങൾ, സ്വാതന്ത്ര്യം എന്ന പേരിൽ വർധിച്ചു വരുന്ന ലൈംഗിക അരാജകത്വം തുടങ്ങിയ ദുരവസ്ഥ പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബങ്ങളുടെ നില പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സമൂഹങ്ങളിൽ കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ യഥാർത്ഥ ചിത്രം ഇതാണ് എന്നും ഖമനയി കൂട്ടിച്ചേർത്തു.
















