‘തൈവതിരുമകൾ’, ‘ആന്‍ മരിയ കലിപ്പിലാണ്’,’പൊന്നിയിൻ സെൽവൻ’ തുടങ്ങിയ സിനിമകളിൽ ബാലതാരമായി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് സാറാ അർജുൻ. താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘ധുരന്ധര്‍’ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഇറങ്ങിയിരിക്കുന്നതായി മുന്നറിയിപ്പ് നല്‍കുകയാണ് പിതാവ് രാജ് അര്‍ജുന്‍.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലാണ് രാജ് അര്‍ജുന്റെ മുന്നറിയിപ്പ്. വ്യാജ നമ്പറുപയോഗിച്ച് ആള്‍മാറാട്ടം നടത്തി ഒരാള്‍ സാറയാണെന്ന വ്യാജേന ആളുകളെ ബന്ധപ്പെടുകയാണെന്നാണ് രാജ് അര്‍ജുന്‍ അറിയിക്കുന്നത്. നടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറായി വെച്ച നമ്പറടക്കം വെളിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഇത് നടിയല്ലെന്നും അത്തരം മേസേജുകള്‍ ലഭിക്കുകയാണെങ്കില്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നടിയുടെ പിതാവ് ആവശ്യപ്പെട്ടു. പിതാവിന്റെ സ്‌റ്റോറി നടി റീ ഷെയര്‍ ചെയ്തിട്ടുണ്ട്.
തമിഴ് ചിത്രമായ ‘ദൈവതിരുമകളി’ലൂടേയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടുഭാഗങ്ങളില്‍ ഐശ്വര്യ റായ്യുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സാറാ അര്‍ജുന്‍ ആയിരുന്നു. ആദിത്യ ധര്‍ സംവിധാനംചെയ്ത ‘ധുരന്ധറി’ല്‍ രണ്‍വീര്‍ സിങ്ങിനും സാറാ അര്‍ജുനും പുറമേ, സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാനവേഷത്തിലുണ്ട്.
















