ഭുവനേശ്വറിൽ യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു. നായപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെഹേര സാഹിയിലാണ് പ്രതിയായ ശ്രീധർ പാണ്ഡയ്ക്ക് വെടിയേറ്റത്. കാലിൽ രണ്ട് വെടിയുണ്ടകളേറ്റ ശ്രീധർ പാണ്ഡയെ നഗരത്തിലെ ക്യാപിറ്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ സുഖം പ്രാപിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഭുവനേശ്വർ ഡിസിപി അറിയിച്ചു.
നഗരത്തെ നടുക്കിയ പീഡനവിവരത്തിനു പിന്നാലെ പ്രതിക്കായി പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ചന്ദക പ്രദേശത്ത് വച്ചാണ് പൊലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ട പൊലീസ് സംഘത്തെ പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഇതോടെ പൊലീസ് തിരിച്ചടിക്കുകയും വെടിയേറ്റ പ്രതി നിലത്തുവീഴുകയുമായിരുന്നുവെന്ന് ഡിസിപി അറിയിച്ചു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നായപ്പള്ളിയിൽ 26കാരിയായ യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. മുഖംമൂടി ധരിച്ച് യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.















