സ്വന്തം സൗന്ദര്യത്തിൽ അമിത ഭ്രമം (Narcissism) മൂലം, തന്നെക്കാൾ സൗന്ദര്യമുള്ള ആരും വേണ്ട എന്ന ഭ്രാന്തമായ ചിന്താഗതിയുടെ പേരിൽ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പൂനം എന്ന 32-കാരിയുടെ കഥ വിചിത്രവും ഞെട്ടിക്കുന്നതുമാണ്. ഹരിയാണയിലാണ് ഈ ക്രൂരകൃത്യങ്ങൾ അരങ്ങേറിയത്. സ്വന്തം മകനടക്കം നാലുപേരെയാണ് തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന കാരണം പറഞ്ഞ് ഇവർ ഇല്ലാതാക്കിയത്. പൂനത്തിൻ്റേത് ശരിക്കും ഒരു സൈക്കോപാത്തിൻ്റെ രീതിയായിരുന്നു. കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളായിരുന്നു.
സ്വന്തം സൗന്ദര്യത്തിലുള്ള ഈ അമിതമായ ഭ്രമം എങ്ങനെ ഒരു സ്ത്രീയെ കൊലപാതകിയാക്കി എന്ന ചോദ്യം നമ്മെ ഭയപ്പെടുത്തുന്നു. തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്നുപോലും അറിയാതെ മരണപ്പെടേണ്ടി വന്ന ആ നാല് പിഞ്ചുകുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ആണ് ഏറെ വേദനാജനകം. മാത്രമല്ല, ആദ്യ കൊലപാതകങ്ങൾ മറച്ചുവെക്കാനായി സ്വന്തം മകനെപ്പോലും കൊല്ലാൻ അവർ മടിച്ചില്ല. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായിട്ടും വിവേകം കാണിച്ചില്ല എന്നത്, വിദ്യാഭ്യാസം കൊണ്ടുമാത്രം വിവേകം ഉണ്ടാകില്ല എന്നതിൻ്റെ തെളിവാണ്. പോലീസുകാർ അവർക്ക് മാനസികരോഗം ഉണ്ടെന്ന് ഉന്നയിക്കുമ്പോഴും, പൂനം ചെയ്ത ഓരോ കൊലപാതകവും വളരെ ആസൂത്രിതമായി, ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു. ശരിക്കും മാനസികരോഗി എന്ന ലേബൽ നൽകി ഇവർക്ക് ശിക്ഷയിൽ ഇളവ് നൽകിയ ആ കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയാകില്ലേ അത്.
2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് പൂനം ഈ കൊലപാതകങ്ങൾ നടത്തിയത്. കൊല്ലപ്പെട്ടവരിൽ മൂന്ന് വയസ്സുകാരനായ സ്വന്തം മകനും മറ്റ് മൂന്ന് ബന്ധുക്കളുടെ പെൺകുട്ടികളുമാണ് ഉൾപ്പെടുന്നത്. കുടുംബത്തിലെ പെൺകുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട യുവതി, ‘എന്നെക്കാൾ സൗന്ദര്യമുള്ള ആരും കുടുംബത്തിൽ വേണ്ട’ എന്ന ചിന്താഗതിയെ തുടർന്നാണ് ഈ ക്രൂരതകൾ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത ആദ്യ മൂന്ന് കൊലപാതകങ്ങളും യുവതിക്ക് വിദഗ്ധമായി മറച്ചുവെക്കാനായി.
കൊലപാതക പരമ്പരയുടെ തുടക്കം 2023-ലായിരുന്നു. ബന്ധുവായ ഒൻപതുവയസ്സുകാരിയെയാണ് ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. മരണത്തിൽ സംശയം തോന്നാതിരിക്കാൻ, ഇതേ രീതിയിൽ സ്വന്തം മൂന്ന് വയസ്സുള്ള മകനെയും യുവതി കൊന്നു. ഇത് അപകടമരണമായി ചിത്രീകരിച്ചു. തുടർന്ന് 2025 ഓഗസ്റ്റിൽ സെവാഹ് ഗ്രാമത്തിലെ ബന്ധുവായ ആറുവയസ്സുകാരിയെ സമാനരീതിയിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. ഈ മൂന്ന് കൊലപാതകങ്ങളും മുങ്ങിമരണമായി കണക്കാക്കപ്പെട്ടു.
ഡിസംബർ ഒന്നിന് നടന്ന നാലാമത്തെ കൊലപാതകമാണ് പൂനത്തിന്റെ ക്രൂരതകൾ പുറംലോകത്തെത്തിച്ചത്. ബന്ധുവീട്ടിലെ ഒരു വിവാഹച്ചടങ്ങിനിടെയാണ് ആറു വയസ്സുകാരിയായ വിദിയെ പൂനം വാട്ടർ ടബ്ബിൽ മുക്കിക്കൊന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം ഉയർന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ പൂനം വാട്ടർ ടബ്ബിന് സമീപത്തേക്ക് വന്നതായി സ്ഥിരീകരിച്ചു.
വിവാഹാഘോഷങ്ങൾക്കിടെ യുവതി പെട്ടെന്ന് അപ്രത്യക്ഷയായതായി ബന്ധുക്കളുടെ മൊഴിയും നിർണായകമായി. തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുൻപ് നടന്ന മൂന്ന് കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്. പോലീസ് അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ വിശേഷിപ്പിച്ചത് ഒരു ‘സൈക്കോപാത്ത്’ എന്നാണ്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഓരോ കൊലപാതകവും യുവതി നടപ്പാക്കിയത്. ഓരോ കൊലപാതകത്തിന് ശേഷവും പൂനം സ്വകാര്യമായി ഇത് ആഘോഷിക്കുകയും താൻ ചെയ്ത ക്രൂരതയിൽ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നാല് കുട്ടികളെ കൊലപ്പെടുത്തിയിട്ടും യാതൊരു പശ്ചാത്താപവുമില്ലാതെ യുവതി പതിവുപോലെയാണ് പെരുമാറിയിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
















