ഭാവി തലമുറയ്ക്ക് സനാതന ധര്‍മത്തെക്കുറിച്ച് ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിലൂടെ അറിയാന്‍ കഴിയുമെന്ന് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ചെന്നൈയില്‍ വെച്ചുനടന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആന്ധ്രാപ്രദേശിലെ ഹിന്ദുപുര്‍ മണ്ഡലത്തില്‍നിന്നുള്ള തെലുങ്ക് ദേശം എംഎല്‍എ കൂടിയാണ് നന്ദമുരി ബാലകൃഷ്ണ.
‘സനാതന ധര്‍മത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഭാവി തലമുറകള്‍ അഖണ്ഡ 2-വിലൂടെ സനാതന ധര്‍മത്തെക്കുറിച്ച് പഠിക്കും. സിനിമ ശക്തമായ മാധ്യമമാണ്. ആളുകളുമായി ആശയവിനിമയം നടത്താന്‍ നല്ല വേദിയാണ്. ആളുകള്‍ ദിവസവും അവരുടെ സാധാരണ ജീവിതം നയിക്കുകയാണ്. ഇതുപോലൊരു സിനിമ കണ്ടാല്‍ ആളുകള്‍ക്ക് സമാധാനം ലഭിക്കുമെന്നും ഭാവി തലമുറക്ക് സനാതന ധര്‍മത്തെക്കുറിച്ച് പഠിക്കാന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു’- എന്നായിരുന്നു ബാലയ്യയുടെ വാക്കുകള്‍.
‘സിനിമയില്‍ സനാതന ധര്‍മത്തിന്റെ ശക്തിയെക്കുറിച്ചും അതിന്റെ ‘പരാക്രമ’ത്തെക്കുറിച്ചും സംസാരിക്കുന്നു. സത്യത്തിനുവേണ്ടിയും അനീതിക്കെതിരേയും പോരാടുകയും ധര്‍മം പിന്തുടരുകയുംചെയ്യുക എന്നതാണ് സനാതന ധര്‍മത്തിന്റെ അര്‍ഥം. എന്റെ കഥാപാത്രം സനാതനധര്‍മത്തെ പ്രതിനിധീകരിക്കുന്നു. ഈ സിനിമ അതിന്റെ സര്‍വവിജ്ഞാനകോശമാണ്. എല്ലാവരും ഇത് കാണണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രാസ് തന്റെ ജന്മഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന കര്‍മഭൂമിയും ആന്ധ്രാപ്രദേശ് ‘ആത്മാഭൂമി’യുമാണ്. ജോര്‍ജിയ അടക്കമുള്ള വിവിധ രാജ്യങ്ങളിലായി ചിത്രീകരണം നടന്നിട്ടും ‘അഖണ്ഡ 2’ 130 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇത് ദൈവാനുഗ്രമില്ലാതെ സാധ്യമല്ല. അച്ഛനാണ് എന്റെ ദൈവവും ഗുരുവും. 50 വര്‍ഷമായി താന്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇത് ദൈവത്തിന്റേയും മാതാപിതാക്കളുടേയും അനുഗ്രഹത്താലാണെന്നും ബാലയ്യ കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘അഖണ്ഡ 2: താണ്ഡവം’. ബോയപതി ശ്രീനുവാണ് അഖണ്ഡ 2-ന്റെ സംവിധായകന്‍. ബോയപതി-നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’. മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
















