പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ സ്വദേശിയായ അജയ്കുമാർ സിങ് (47) ഗോവയിൽ നിന്നാണ് പിടിയിലായത്.
സൈനിക നീക്കങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളെക്കുറിച്ചുമുള്ള അതീവ രഹസ്യ വിവരങ്ങൾ ഇയാൾ പാകിസ്ഥാന് ചോർത്തി നൽകി. ഉത്തർപ്രദേശ് സ്വദേശിനിയായ റാഷ്മണി പാൽ (35) ദാമനിൽ വെച്ച് അറസ്റ്റിലായി.
സൈനിക ഉദ്യോഗസ്ഥരെ ഹണിട്രാപ്പിലൂടെ കുടുക്കി നിർണായക വിവരങ്ങൾ ചോർത്താൻ ഇവർ സഹായിച്ചതായാണ് കണ്ടെത്തൽ. 2022 ൽ സൈന്യത്തിൽനിന്നു വിരമിച്ചശേഷം അജയ്കുമാർ സിങ് ഗോവയിലെ ഡിസ്റ്റിലറിയിൽ കാവൽക്കാരനായി ജോലിചെയ്യുകയായിരുന്നു.
പാക്ക് ഇന്റലിജന്റ്സ് ഓഫിസർ അംഗിത ശർമയ്ക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. കരസേനാ സുബേദാറായി നാഗാലാൻഡിൽ ജോലി ചെയ്യുന്നകാലം മുതൽ ഇവരുമായി അടുപ്പമുണ്ടായിരുന്നു. പ്രിയ ഠാക്കൂർ എന്ന കള്ളപ്പേരിലാണ് റാഷ്മണി പാൽ സൈനിക ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിവരങ്ങൾ ശേഖരിച്ചത്.
















