കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ നമാ റാം ആണ് പിടിയിലായത്. നവംബർ 27-ന് കൊട്ടിയം മൈലക്കാട് വെച്ചാണ് സംഭവം നടന്നത്.
ഭയന്ന് വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടിയം പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ കണ്ടെത്തുന്നതിൽ നിർണായകമായത്.
തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി നമാ റാം സെയിൽസ് ജോലിയുടെ ഭാഗമായി കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധനങ്ങൾ വിൽക്കാൻ എത്താറുണ്ടായിരുന്നു. ഇയാൾ വരാൻ സാധ്യതയുള്ള കടകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ, ഒരു ഇലക്ട്രിക് ഷോപ്പിൽ നിന്നാണ് കൊട്ടിയം സി.ഐ. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ ശേഷം മുങ്ങുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
















