സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ ഏറെ ചർച്ചയായ ’19 മിനിറ്റ് വീഡിയോ’യുടെ മറവിൽ വ്യാപകമായ സൈബർ തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ട്. വീഡിയോയുടെ ലിങ്ക് എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നവരുടെ ഫോണുകളിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനും ഓൺലൈൻ ബാങ്കിങ് വിവരങ്ങൾ തട്ടിയെടുക്കപ്പെടാനും സാധ്യതയുണ്ടെന്ന് സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, എക്സ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ’19 മിനിറ്റ് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്’ എന്ന പേരിലാണ് ഇത്തരം ദുരുദ്ദേശപരമായ ലിങ്കുകൾ പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ 19 മിനിറ്റും 34 സെക്കൻഡും ദൈർഘ്യമുണ്ടെന്ന് പറയപ്പെടുന്ന സ്വകാര്യ വീഡിയോയെക്കുറിച്ചുള്ള ചർച്ചകൾ മുതലെടുത്താണ് സൈബർ തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നത്.
ഈ വിവാദ വീഡിയോ ദിവസങ്ങൾക്ക് മുൻപാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബംഗാളിൽനിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററായ യുവാവും സുഹൃത്തും വീഡിയോയിലുള്ളതെന്നായിരുന്നു പ്രധാന പ്രചാരണം. കൂടാതെ, തങ്ങളുടെ ഫോണിൽ നിന്ന് ഒരു സുഹൃത്താണ് വീഡിയോ ചോർത്തി പ്രചരിപ്പിച്ചതെന്നും യുവാവ് അവകാശപ്പെട്ടിരുന്നു.
അതേസമയം, ഈ സ്വകാര്യ വീഡിയോയുടെ രണ്ടാംഭാഗവും മൂന്നാംഭാഗവും ഉണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം ‘തുടർച്ചകൾ’ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളെന്ന പേരിലും നിരവധി വ്യാജ ലിങ്കുകളാണ് നിലവിൽ പ്രചരിക്കുന്നത്. ഇത്തരം സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സൈബർ കുറ്റകൃത്യമാണെന്ന നിയമപരമായ ധാരണയില്ലാതെയാണ് പലരും ഈ ലിങ്കുകൾ ഷെയർ ചെയ്യുന്നത്. മാത്രമല്ല, പ്രചരിക്കുന്നത് ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളാണെന്ന വാദങ്ങളും ശക്തമാണ്.
വീഡിയോയിലുള്ള പെൺകുട്ടി ജീവനൊടുക്കി എന്ന തരത്തിലുള്ള വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ടുള്ളതാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീഡിയോയുമായി ബന്ധപ്പെട്ട് മേഘാലയയിൽനിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററായ പെൺകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെ, വീഡിയോയിലുള്ളത് താനല്ലെന്ന് വിശദീകരിച്ച് അവർ രംഗത്തെത്തി.
“എന്നെ ശരിക്ക് നോക്കൂ… ഇനി അവളെ നോക്കൂ.. അവൾ എന്നെപ്പോലെയാണോ? പിന്നെ എന്തിനാണ് എന്റെ കമന്റ് ബോക്‌സിൽ ആളുകൾ 19 മിനിറ്റ് എന്ന് എഴുതുന്നത്. വീഡിയോയിലെ പെൺകുട്ടി ഇംഗ്ലീഷാണ് സംസാരിക്കുന്നത്. എനിക്ക് എങ്ങനെ ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയും. നിങ്ങള്‍ക്കെല്ലാം ബോധം നഷ്ടമായോ?”, അവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത മുൻനിർത്തി, ഇത്തരം ലിങ്കുകൾ തുറക്കാതിരിക്കാൻ പൊതുജനം അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
















