കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍ ശുദ്ധികലശം അനിവാര്യമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് മുവാറ്റുപുഴ എംഎല്‍എ പാര്‍ട്ടിയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പരസ്യപ്രതികരണത്തിന് മുതിര്‍ന്നിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്നും പാര്‍ട്ടിയും പ്രവര്‍ത്തകരും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മാത്യു കുഴല്‍ നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം മാറിപ്പോയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ വ്യക്തമായ തെളിവാണ്. വിവാദം ഒരു വ്യക്തിയുടെ തെറ്റില്‍നിന്ന് ഒരു വലിയ സംഘടനാ-രോഗത്തിന്റെ ലക്ഷണമായി മാറിയത്. ഒരു പാര്‍ട്ടി 25-ലേറെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചു എടുത്ത ശിക്ഷാനടപടിയോട് പാര്‍ട്ടിയ്ക്ക് ഉള്ളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍ ഇതിന് ഉദാഹരണമാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം സെലിബ്രിറ്റികളുടെ കയ്യില്‍ ഏല്‍പ്പിച്ചപ്പോള്‍ അവര്‍ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കാന്‍ തുടങ്ങി. ഒരു വാണിജ്യചിന്തയുടെ ഭാഗമാണിത്. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള അപൂര്‍വ രാഷ്ട്രീയപ്രതിഭയെ രാഹുല്‍ മാങ്കൂട്ടത്തിനോട് ഉപമിക്കുന്നതു പോലെയുള്ള അസംബന്ധ കാഴ്ചകള്‍ ഇതിന്റെ തെളിവാണെന്നും കുഴല്‍ നാടന്‍ പറയുന്നു.
















