രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ആയിരുന്നു ദുരന്തത്തിലായത്. ഈ അസാധാരണ സാഹചര്യത്തിൽ, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഔദ്യോഗികമായി ഖേദപ്രകടനം നടത്തി. പൈലറ്റുമാരുടെ ക്ഷാമവും ഷെഡ്യൂൾ പ്രശ്‌നങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നാണ് എയർലൈൻ അധികൃതർ നൽകുന്ന വിശദീകരണം.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടിയിൽ ഇൻഡിഗോ എയർലൈൻസ് തങ്ങളുടെ നിരുപാധികമായ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ യാത്രക്കാർക്ക് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് തങ്ങൾ മനസ്സിലാക്കുന്നുവെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. “പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെടില്ലെങ്കിലും, യാത്രക്കാരെ സഹായിക്കാനും പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും” ഇൻഡിഗോ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഡിസംബർ 5 നും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും പൂർണ്ണമായ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. ടിക്കറ്റ് തുക ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക്കായി തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റദ്ദാക്കലുകൾക്കും മാറ്റിവെക്കലുകൾക്കും പൂർണ്ണമായ ഇളവുകളും പ്രഖ്യാപിച്ചു.
യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയതായും, ആയിരക്കണക്കിന് ഹോട്ടൽ മുറികൾ ക്രമീകരിച്ചതായും എയർലൈൻ അറിയിച്ചു. കൂടാതെ, സാധ്യമാകുന്നിടത്തെല്ലാം മുതിർന്ന പൗരന്മാർക്ക് ലോഞ്ച് ആക്സസ് നൽകുന്നുണ്ടെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടത്. 750 ഓളം സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രയെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഡൽഹിയിൽ മാത്രം 235 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
ഇൻഡിഗോ സാധാരണയായി 400-ൽ അധികം വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം ഏകദേശം 2,300 സർവീസുകൾ നടത്തിവരുന്ന രാജ്യത്തെ ഏറ്റവും വലിയ എയർലൈനാണ്. നിലവിലെ പ്രതിസന്ധിക്ക് കാരണം പൈലറ്റ് ക്ഷാമം ആണെന്നും, ഷെഡ്യൂളിലെ പ്രശ്‌നങ്ങളും സാഹചര്യം വഷളാക്കിയെന്നും എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു.
















