ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തദ്ദേശം 25’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി സംബന്ധിച്ച തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ പിടിയിലായവർ ഇപ്പോൾ ജയിലിലാണെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ പുറത്തല്ലെന്നും ഗോവിന്ദൻ ചോദിച്ചു. “പകുതി വെന്ത നിലപാട് ഞങ്ങൾ സ്വീകരിക്കില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് എസ്ഐടിയുമായി യാതൊരു തർക്കവുമില്ല. ഒന്നരമാസം കൂടി അന്വേഷിക്കാൻ സമയമുണ്ട്. സ്വർണം ഒരു തരി പോലും കുറയാതെ കൃത്യമായി തിരികെ കൊണ്ടുവരണം. സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായ എല്ലാവരെയും പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരും,” അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനു മുൻപ്, 1985 ഏപ്രിൽ ഒന്നിന് നടന്ന ഗുരുവായൂരിലെ തിരുവാഭരണ നഷ്ടം ഗോവിന്ദൻ ഈ സന്ദർഭത്തിൽ ഓർമ്മിപ്പിച്ചു. ഇന്നേവരെ തിരികെ ലഭിക്കാത്ത ഈ വിഷയത്തിൽനിന്ന് കോൺഗ്രസിന് ഒഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
യുവജന നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലിരിക്കുന്ന വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച ഗോവിന്ദൻ, രാഹുലിനെ ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസാണെന്നും ആരോപിച്ചു. “കോൺഗ്രസിന്റെ പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. പിടിക്കാൻ കിട്ടിയാലല്ലേ പിടിക്കാൻ പറ്റൂ,” അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ അധികം സംസാരിച്ചാൽ മുഴുവൻ കാര്യങ്ങളും പറയുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിട്ടുണ്ട്. “കോൺഗ്രസിന്റെ ഐശ്വര്യമാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫി പറമ്പിലിനേയും രാഹുലിനേയും ഒരേ നുകത്തിൽ കെട്ടേണ്ടവരാണ്,” ഗോവിന്ദൻ പരിഹസിച്ചു. രാഹുലിന്റെ വിഷയത്തിൽ നടപടി സ്വീകരിക്കാൻ കോൺഗ്രസ് വൈകിയെന്നും, അദ്ദേഹത്തെ പുറത്താക്കിയത് വേറെ വഴിയില്ലാത്തതുകൊണ്ടാണെന്നും സി.പി.എം. സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം, മുകേഷിന്റെ കേസും എൽദോസിന്റെ കേസും രാഹുലിന്റെ കേസുമായി താരതമ്യം ചെയ്യാനാകില്ലെന്നും സി.പി.ഐ.യുടെ മുഖത്തിന് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ശിക്ഷിച്ചവരെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, “ഒരു കോടതിയുടെ വിധിയല്ലേ, വേറെയും കോടതിയുണ്ട്. നിലവിലെ ശിക്ഷ അവസാനത്തെയല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ബഹുദൂരം മുന്നിലാണ് എന്നും ആറ് കോർപറേഷനുകളും ജയിക്കുക എന്നതാണ് ലക്ഷ്യമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇടത് ഭരണത്തിന്റെ മൂന്നാം ടേമിനുള്ള കേളികൊട്ടാണ് ഈ തിരഞ്ഞെടുപ്പ്. നവകേരളം സൃഷ്ടിക്കുക എന്നതാണ് ഉന്നം. കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാകുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാനം അതിദാരിദ്ര്യം അവസാനിപ്പിച്ചു എന്നും സർവതല സ്പർശിയായ വികാസമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.ഡി.എഫ്. വികസനത്തിന് എതിരാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. ലോകത്ത് തന്നെ വികസനവിരുദ്ധനായ പ്രതിപക്ഷ നേതാവ് വേറെ ഉണ്ടാകില്ല. ഒരു വികസനത്തേയും അംഗീകരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. സ്വയം പ്രതിക്കൂട്ടിലായ ഒരു പ്രതിപക്ഷം വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ജമാഅത്തെ ഇസ്‌ലാമിയേയും എസ്.ഡി.പി.ഐ.യേയും ചേർത്ത് പുതിയ മുന്നണി ആയി മാറിയെന്നും, ഈ രണ്ട് വർഗീയ ശക്തികളെയാണ് നേരിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ വർഗീയത അതിന്റെ സീമകൾ ലംഘിച്ച് ഹിന്ദുത്വ അജൻഡ കൊണ്ടുവന്നു. എന്നാൽ, മുസ്ലിം സമുദായം ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ അംഗീകരിക്കുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
















