വായ്പത്തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടി തുടരുന്നു. വൻകിട ബാങ്കുകളിൽ നിന്ന് 17,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇ.ഡി.യുടെ സുപ്രധാന നീക്കം. കഴിഞ്ഞ ദിവസം 1120 കോടി രൂപയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടിയതോടെ കേസിൽ ഇ.ഡി. പിടിച്ചെടുത്ത ആകെ ആസ്തികളുടെ മൂല്യം 10,117 കോടി രൂപയായി ഉയർന്നു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് 17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ അനിൽ അംബാനിയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ വിവിധ കമ്പനികളുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്.
കണ്ടുകെട്ടിയവയിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഏഴ് സ്വത്തുക്കൾ, റിലയൻസ് പവർ ലിമിറ്റഡിന്റെ രണ്ട് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒൻപത് സ്വത്തുക്കൾ, കൂടാതെ റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടുന്നു.
റിലയൻസ് വെഞ്ച്വർ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫൈ മാനേജ്‌മെന്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ആധാർ പ്രോപ്പർട്ടി കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ്, ഗമേസ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫൈ മാനേജ്‌മെന്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ നിക്ഷേപങ്ങളും ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്.
വായ്പകൾ അനുവദിക്കുന്നതിനായി ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്ന കാര്യവും ഇ.ഡി. സമാന്തരമായി അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക തട്ടിപ്പുകളിലെ ഏറ്റവും വലിയ കേസുകളിലൊന്നാണിത്.
















