തിരുവനന്തപുരത്തെ സർക്കാർ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ചോർന്ന് അശ്ലീല വെബ്സൈറ്റുകളിൽ എത്തിയ സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കി. ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തവരെ മാത്രമല്ല, പണം നൽകി ഈ ദൃശ്യങ്ങൾ കണ്ടവരുടെ ഐ.പി. വിലാസങ്ങൾ ശേഖരിച്ചതായും പോലീസ് അറിയിച്ചു. ഇത് കേസിൽ പുതിയ വഴിത്തിരിവാവുകയാണ്.
ദൃശ്യങ്ങൾ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്കുകൾ സാമൂഹിക മാധ്യമങ്ങൾ വഴി വലിയ തോതിൽ പ്രചരിപ്പിക്കുകയായിരുന്നു. പണം നൽകി മാത്രം കാണാൻ കഴിയുന്ന രീതിയിലാണ് ഇവ പുറത്തുവന്നത്.
ഈ സാഹചര്യത്തിൽ, ദൃശ്യങ്ങൾ ആദ്യമായി അപ്‌ലോഡ് ചെയ്ത ഒരു വെബ്സൈറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചവരുടെ ഐ.പി. അഡ്രസുകളും പണം നൽകി അവ കണ്ടവരുടെ ഐ.പി. വിലാസങ്ങളും പോലീസ് ഇതിനകം ശേഖരിച്ചു കഴിഞ്ഞു.
ദൃശ്യങ്ങൾ ആദ്യമായി അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ ഐ.പി. വിലാസം കണ്ടെത്താനുള്ള ശ്രമങ്ങൾ സൈബർ പോലീസ് തുടരുകയാണ്. കൂടുതൽ വെബ്സൈറ്റുകളിൽ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ, തിയറ്ററുകളിൽ നിന്ന് ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത് എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹാക്കിംഗ് നടന്നിരിക്കാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൂടാതെ, കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (കെ.എസ്.എഫ്.ഡി.സി.) ജീവനക്കാർക്ക് ദൃശ്യങ്ങൾ ചോർത്തി നൽകിയതിൽ പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
സംഭവത്തെത്തുടർന്ന് തിയറ്ററുകളിലെ സൈബർ സുരക്ഷ ശക്തമാക്കാൻ പോലീസിൻ്റെ നിർദ്ദേശപ്രകാരം കെ.എസ്.എഫ്.ഡി.സി. നടപടികൾ സ്വീകരിച്ചു. ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിൻ്റെ പാസ്‌വേഡുകൾ ഉൾപ്പെടെ മാറ്റി. സി.സി.ടി.വി. ഉപകരണങ്ങൾ അറ്റകുറ്റപ്പണികൾക്കായി നൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
















