പാകിസ്താനും അഫ്ഗാനിസ്ഥാനിലെ താലിബാൻ സൈന്യവും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ. ഇരുപക്ഷവും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചു. ഈ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഖത്തറും തുർക്കിയും മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്ന് രണ്ട് മാസത്തിനുള്ളിലാണ് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള 1,600 മൈൽ അതായത് 2,600 കിലോമീറ്റർ അതിർത്തിയോട് ചേർന്നുള്ള അഫ്ഗാൻ നഗരമായ സ്പിൻ ബോൾഡാക്കിൽ നിന്നാണ് ഏറ്റുമുട്ടലിനെ തുടർന്ന് ആളുകൾ പലായനം ചെയ്തത്. പാകിസ്താന്റെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്പിൻ ബോൾഡാക് ഗവർണർ അബ്ദുൾ കരീം ജഹാദ് എഎഫ്‌പിയോട് പറഞ്ഞു. അതേസമയം, പാകിസ്താന്റെ ഭാഗത്ത് മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
താലിബാൻ സൈന്യം പാകിസ്താനിൽ ആക്രമണം നടത്തിയെന്നാണ് പാക് അധികൃതരുടെ ആരോപണം. താലിബാൻ പ്രകോപനമില്ലാതെ വെടിയുതിർത്തുവെന്നും, ഇതിന് തങ്ങളുടെ സേന ഉചിതവും ശക്തവുമായ മറുപടി നൽകിയെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയ്ദി വ്യക്തമാക്കി. പാകിസ്താൻ അതിർത്തി സുരക്ഷയ്ക്കും പൗരന്മാരുടെ സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പാക് ആക്രമണങ്ങളോട് പ്രതികരിക്കാൻ നിർബന്ധിതരായെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്തതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ വർദ്ധിച്ചിരുന്നു. പാക് വിരുദ്ധ സായുധ ഗ്രൂപ്പുകൾക്ക് താലിബാൻ സംരക്ഷണം നൽകുന്നുവെന്നാണ് പാകിസ്താൻ സർക്കാരിന്റെ പ്രധാന ആരോപണം.
അടുത്തിടെ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അഫ്ഗാനിസ്ഥാനെ പാകിസ്താന്റെ ഒന്നാം നമ്പർ ശത്രുവാണെന്ന് വിശേഷിപ്പിച്ചിരുന്നു. താലിബാനെ ‘വഞ്ചകർ’ എന്നും അദ്ദേഹം തുറന്നടിച്ചു. അഫ്ഗാൻ പൗരന്മാർ പാകിസ്താനിൽ കച്ചവടം നടത്തുകയും അഫ്ഗാനിസ്ഥാനിൽ ഭരണം നടത്തുകയും ചെയ്യുന്നുവെന്നും, പാക് വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
















