ഭാവനയുടെ കൂടെ എന്നും നിഴൽ പോലെ ഉണ്ടായിരുന്ന ആളാണ് ഭർത്താവ് നവീൻ. വീണുപോകുമെന്ന് ഉറപ്പുള്ളിടത്ത് താങ്ങി നിർത്തുന്നവനാണ് യഥാർത്ഥ പങ്കാളി. ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ പോലും താരത്തെ താങ്ങി നിർത്തിയവനാണ് അദ്ദേഹം. ഇപ്പോഴിതാ താരത്തെ കുറിച്ച് ഫാത്തിമ ഫാദിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.ആ രാത്രിയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഭാവനയോട് പി.ടി തോമസ് പറഞ്ഞത് ഒരേയൊരു കാര്യമാണ്- “ആദ്യം നിനക്ക് മോതിരം അണിയിച്ച ഭാവി വരനെ ഈ വിവരം അറിയിക്കുക, എന്നിട്ട് നിയമപരമായി മുന്നോട്ട് പോകാൻ അനുവാദം ചോദിക്കുക.”ഏതൊരു പെൺകുട്ടിയും നെഞ്ചിടിപ്പോടെ മാത്രം നേരിടുന്ന നിമിഷം. സമൂഹം എന്ത് പറയും, വീട്ടുകാർ എന്ത് കരുതും, നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുമോ എന്നൊക്കെയുള്ള ആയിരം ആശങ്കകൾ. പക്ഷേ, ആ ഫോൺ കോളിന് അപ്പുറത്ത് നവീൻ പറഞ്ഞ മറുപടിയാണ് ആ പെൺകുട്ടിയെ പിന്നീട് ഇക്കണ്ട കാലമത്രയും തലയുയർത്തി നിൽക്കാൻ പ്രാപ്തയാക്കിയത്.
“നിയമപരമായി മുന്നോട്ട് നീങ്ങണം, അവരെ വെറുതെ വിടാൻ പാടില്ല. ഭയക്കേണ്ട, എല്ലാത്തിനും നിനക്കൊപ്പം ഞാനുണ്ട്…”
ഓർക്കണം, അന്ന് അവർ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ടില്ല. വെറുമൊരു വാക്കു കൊണ്ടുള്ള ഉറപ്പ് മാത്രമേയുള്ളൂ. ‘അപമാനം’ ഭയന്ന് പലരും പാതിവഴിയിൽ ബന്ധം ഉപേക്ഷിച്ചു പോകുന്ന ഇക്കാലത്ത്, തളർന്നു പോകുമായിരുന്ന ഒരു പെൺകുട്ടിയെ നെഞ്ചോട് ചേർത്തുനിർത്തി “നീ പോരാട്” എന്ന് പറയാൻ നവീൻ കാണിച്ച ആ മനസ്സ്… അതാണ് യഥാർത്ഥ ആണത്തം.
ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ഒരാൾ നമുക്കൊപ്പം എങ്ങനെ നിൽക്കുന്നു എന്നത് മാത്രമാണ് സ്നേഹത്തിൻ്റെ യഥാർത്ഥ അളവുകോൽ. തൻ്റെ പങ്കാളിക്ക് സംഭവിച്ച ദുരന്തത്തിൽ സഹതാപം കാണിച്ച് മാറിനിൽക്കുകയല്ല, മറിച്ച് “ഇനിയാണ് നീ ശക്തയാകേണ്ടത്” എന്ന് പറഞ്ഞ് കൂടെ നിന്ന നവീൻ, നിങ്ങൾ ആ പെൺകുട്ടിക്ക് നൽകിയത് ഒരു ജീവിതം തന്നെയാണ്. അന്ന് ആ കൈകൾ ചേർത്തുപിടിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഭാവന എന്ന പോരാളി ഉണ്ടാകുമായിരുന്നില്ല. നല്ല കാലത്ത് കൂടെ നിൽക്കാൻ ആർക്കും സാധിക്കും, പക്ഷെ വീണുപോകുമെന്ന് ഉറപ്പുള്ളിടത്ത് താങ്ങി നിർത്തുന്നവനാണ് യഥാർത്ഥ പങ്കാളി. നവീൻ, ഈ ലോകം നിങ്ങളെ ബഹുമാനിക്കുന്നു.
















