കൊല്ലം കുരീപ്പുഴയില്‍ ബോട്ടുകളില്‍ വന്‍ തീപിടിത്തം. നിരവധി ബോട്ടുകൾ കത്തി നശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപമാണ് സംഭവം. കായലില്‍ നങ്കൂരമിട്ടിരുന്ന പത്തിലധികം മല്‍സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. അപകടകാരണം വ്യക്തമല്ല. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കൽ തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അഗ്നിരക്ഷാസേനാ പ്രവർത്തകർ വിശദമാക്കുന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് അനുമാനം. തീ കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. അപ്പോളേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തീരത്തോട് ചേര്‍ന്ന് നിരനിരയായി കെട്ടിയിട്ട ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്.
തുടര്‍ന്ന് തീപിടിച്ച ബോട്ടുകളെ സമീപവാസികള്‍ കെട്ടഴിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് കായലിലേക്ക് ഒഴുകിയ ബോട്ടുകളില്‍ തീ ആളിക്കത്തുന്നത് തുടരുകയാണ്. ഒന്‍പത് ഫൈബര്‍ ബോട്ടുകളും ഒരു പരമ്പരാഗത ബോട്ടുമാണ് കത്തിനശിച്ചതെന്നാണ് വിവരം.
കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും കത്തി നശിച്ചു. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ആണ് ഇവ.
















