രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി ഒഴിയാതെ തുടരുന്നു. ഇന്നും വിവിധ നഗരങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കാനാണ് സാധ്യത.
അതേസമയം സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും.
ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.
ഇന്നലെ കേരളത്തിൽ നിന്ന് മാത്രം 20-ലേറെ ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ വൈകുന്നത് ശബരിമല തീർത്ഥാടകരെയും വിദേശത്തേക്ക് പോകേണ്ടവരെയും ഉൾപ്പെടെ വലയ്ക്കുന്നുണ്ട്.
















