രാജ്യത്തെ ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് നിരവധി സർവീസുകൾ റദ്ദാക്കാനാണ് സാധ്യത. അതിനിടെ കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഡിജിസിഎ സമയം നീട്ടി നൽകി. നോട്ടീസിന് മറുപടി നൽകാൻ ഇന്ന് വൈകുന്നേരം 6 മണി വരെ സമയമുണ്ട്.
റദ്ദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായും 3,000-ത്തോളം ബാഗേജുകൾ ഉടമകൾക്ക് എത്തിച്ചു നൽകിയതായും ഇൻഡിഗോ അറിയിച്ചു.
ഡിസംബർ 10-നകം സർവീസുകൾ പൂർവ്വസ്ഥിതിയിലാകുമെന്നാണ് ഇൻഡിഗോ വക്താവിൻ്റെ വിശദീകരണം. നിലവിൽ 138 ലക്ഷ്യ സ്ഥാനങ്ങളിൽ 137 ഇടത്തും സർവീസുകൾ പുനരാരംഭിച്ചതായും കമ്പനി അവകാശപ്പെട്ടു.
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിട്ടതാണ് കഴിഞ്ഞ ഒരാഴ്ചയായി ഇൻഡിഗോയുടെ ആയിരക്കണക്കിന് സർവീസുകൾ തടസ്സപ്പെടാൻ കാരണം. നിരവധി വിമാനസര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തു.
















