മഹാരാഷ്ട്രയിലെ നാസിക്കിൽ ക്ഷേത്ര ദർശനത്തിന് പോയ കുടുംബത്തിന്റെ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. സപ്തശൃംഗി മാതാ ക്ഷേത്രത്തിൽ ദർശനത്തിന് പോകവേ യാത്രമധ്യേ ആയിരുന്നു അപകടം. ഭവേരി വെള്ളച്ചാട്ടത്തിന് സമീപം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു എന്നാണ് റിപ്പോർട്ട്.
കീർത്തി പട്ടേൽ (50), രസില പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), പച്ചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിവരം ലഭിച്ചയുടൻ പൊലീസും സപ്തശൃംഗി ഗഡ് ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി. എന്നാൽ, കുത്തനെയുള്ള താഴ്ചയും ഇടതൂർന്ന ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ‘‘മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായ അപകടത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തെ ‘‘അത്യന്തം ദുഃഖകരം’’ എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു.
















