തൃശൂർ മണലൂർ ഗവ.ഐടിഐ റോഡിൽ ഉള്ള വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യ നിഷമോൾ (35) ആണ് മരിച്ചത്. ഭർത്താവ് സലീഷിനെ കാണാനില്ല.
ഇന്നലെയായിരുന്നു സംഭവം. നിഷമോളും സലീഷും രണ്ടു കുട്ടികളും ആണ് വീട്ടിൽ ഉള്ളത്. നിഷയുടെ രണ്ടാമത്തെ ഭർത്താവ് ആണ് സലീഷ്. ആദ്യത്തെ ഭർത്താവ് അസുഖം മൂലം മരിച്ചിരുന്നു. ആദ്യ ഭർത്താവിൽ ഉള്ള കുട്ടികൾ ആണ് ഇവരോടൊപ്പം താമസിക്കുന്ന കുട്ടികൾ രണ്ടുപേരും. സലീഷിൽ ഇവർക്ക് കുട്ടികൾ ഇല്ല.
നിഷാമോളുടെ കുട്ടികൾ അമ്മ വിളിച്ചിട്ട് ഉണരുന്നില്ല എന്ന് അടുത്ത വീട്ടിലെ ആളുകളോട് ചെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മുറിയിലെ കിടക്കയിൽ നിഷയെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ അവർ അന്തിക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി സലീഷിനെ പലതവണ ഫോണിൽ വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. വൈകിട്ടായിട്ടും സലീഷ് വരാതിരുന്നതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒന്നര വർഷമായി സലീഷും നിഷയും ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. നിഷ കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ ഒന്നര വർഷത്തിലേറെയായി സെയിൽസ് ജോലി ചെയ്തുവരികയാണ്. രണ്ടു ദിവസം കൊണ്ട് ജോലിക്കും നിഷ പോയിട്ടില്ല. ചാലക്കുടി സ്വദേശിയാണ് നിഷ. സലീഷ് മദ്യപാനിയായിരുന്നു കൂടാതെ നിഷയെ സലീഷ് മർദിക്കാറുമുണ്ടായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആയപ്പോൾ നേരത്തെ നിഷ സലീഷിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും ഉണ്ട്. മക്കൾ: വൈഗ, വേദ
















