ദേശീയഗീതമായ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ, കോൺഗ്രസിൻ്റെ ചരിത്രപരമായ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രധാനമായും മോദിയുടെ വിമർശനം. പാർട്ടിയുടെ വർഗീയ അജണ്ടയുടെ ഭാഗമായി വന്ദേമാതരത്തെ അനാദരിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് ശക്തി പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
മോദിയുടെ വിമർശനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത് വന്ദേമാതരത്തോടുള്ള കോൺഗ്രസിൻ്റെ സമീപനത്തിലായിരുന്നു. “ജിന്നയുടെ എതിർപ്പുമൂലം മുസ്ലിങ്ങള്‍ക്ക് അനിഷ്ടമാണെന്ന് കണ്ട് നെഹ്‌റുവും വന്ദേമാതരത്തെ എതിർക്കുകയായിരുന്നു,” പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ ഗാനത്തോടുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ മുൻകാല സമീപനത്തെക്കുറിച്ചുള്ള ബിജെപിയുടെ നിലവിലെ ആരോപണങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
പ്രധാനമന്ത്രി തൻ്റെ വിമർശനത്തിന് ആക്കം കൂട്ടിയത് വന്ദേമാതരത്തിൻ്റെ 100-ാം വാർഷികം ആഘോഷിച്ച കാലഘട്ടം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു. “വന്ദേമാതരത്തിൻ്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ രാജ്യം അടിയന്തരാവസ്ഥയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു, രാജ്യത്തെ ഭരണഘടന അടിച്ചമർത്തപ്പെടുകയായിരുന്നു,” മോദി പറഞ്ഞു. 1975-ലെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തി കോൺഗ്രസിൻ്റെ ചരിത്രപരമായ നടപടികളെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാനപ്പെട്ട മറ്റ് വാർഷികങ്ങൾക്കൊപ്പമാണ് വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തെയും പ്രധാനമന്ത്രി ചേർത്തുവെച്ചത്. “1947-ൽ സ്വാതന്ത്ര്യം നേടിത്തന്ന ആ ഗാനത്തിൻ്റെ പ്രതാപം വീണ്ടെടുക്കാനായുള്ള നല്ല അവസരമാണ് ഇത്.
നാം അടുത്തിടെ ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭായ് പട്ടേലിൻ്റെയും ബിർസ മുണ്ടയുടെയും 150-ാം ജന്മവാർഷികങ്ങളും ഗുരു തേജ് ബഹാദൂറിൻ്റെ 350-ാം രക്തസാക്ഷിത്വ ദിനവും ആഘോഷിച്ചു. ഇപ്പോൾ നമ്മൾ വന്ദേമാതരം 150 വർഷങ്ങൾ ആഘോഷിക്കുകയാണ്,” മോദി കൂട്ടിച്ചേർത്തു.
ഈ ലോക്‌സഭാ ചർച്ചയ്ക്ക് മുന്നോടിയായി, 1937-ലെ സമ്മേളനത്തിൽ കോൺഗ്രസ് വർഗീയ അജണ്ടയുടെ ഭാഗമായി ഗാനത്തെ അനാദരിച്ചുവെന്നും ഇതിൻ്റെ ചുരുക്കിയ രൂപം ദേശീയ ഗീതമായി സ്വീകരിച്ചുവെന്നുമാണ് ബിജെപി ആരോപിച്ചത്. കഴിഞ്ഞ നവംബറിൽ, ബിജെപി വക്താവ് സി.ആർ. കേശവൻ, 1937 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തുകൾ എക്‌സിൽ പോസ്റ്റ് ചെയ്തതോടെയാണ് വന്ദേമാതരം സംബന്ധിച്ച പുതിയ വിവാദങ്ങൾ ആരംഭിച്ചത്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേമാതരം കവിത, സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രചോദനമായ ഗാനമായി മാറിയിരുന്നു. ഹിന്ദു ദേവതമാരായ ദുർഗ്ഗ, കമല (ലക്ഷ്മി), സരസ്വതി എന്നിവരെ പരാമർശിക്കുന്ന ആറ് ശ്ലോകങ്ങളാണ് ഈ ഗാനത്തിലുള്ളത്.
1937-ൽ ജവഹർലാൽ നെഹ്‌റു നയിച്ച കോൺഗ്രസ് ദേശീയ സമ്മേളനങ്ങളിൽ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നതാണ് പ്രധാന ആരോപണം. ഹിന്ദു ദേവതകളെക്കുറിച്ചുള്ള പരാമർശങ്ങൾ മുസ്ലീം സമൂഹത്തിലെ ചിലര്‍ക്ക് സ്വീകാര്യമല്ലാത്തതിനാലാണ് ശ്ലോകങ്ങള്‍ ഒഴിവാക്കിയതെന്നാണ് ബിജെപി ആരോപിക്കുന്നത്.
















