നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ ആശ്വാസത്തിൽ നടൻ ദിലീപ് അഭിഭാഷകനായ ബി. രാമൻപിള്ളയുടെ വസതിയിൽ നേരിട്ടെത്തി നന്ദി അറിയിച്ചു. വിധി വന്നതിന് പിന്നാലെ രാമൻപിള്ളയുടെ വീട്ടിലെത്തിയ ദിലീപ് കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസിൽ നീതി ലഭിച്ചതിന്റെ സംതൃപ്തിയാണ് ദിലീപിന്റെ നടപടിയിലൂടെ വ്യക്തമായത്.
വിധിക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാമൻപിള്ള ദിലീപിനെതിരെ നടന്നത് വേട്ടയാടലാണെന്ന് ശക്തമായി ആരോപിച്ചു. “സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താൻ പ്രതീക്ഷിച്ചതാണ്,” അദ്ദേഹം പറഞ്ഞു. ദിലീപിനെ പ്രതിയാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും രാമൻപിള്ള ആരോപിച്ചു. ഈ ആരോപണം കേസിൽ അന്വേഷണോദ്യോഗസ്ഥയായിരുന്ന ബി. സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു.
ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ വിവരങ്ങളും രാമൻപിള്ള തുറന്നുപറഞ്ഞു. അതിജീവിതയുടെ അമ്മ, സുഹൃത്ത് രമ്യാ നമ്പീശൻ എന്നിവരുടെ മൊഴികളിൽ സിനിമയിലോ അല്ലാതെയോ അതിജീവിതയ്ക്ക് ശത്രുക്കളില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. പി.ടി. തോമസിന് കേസിനെക്കുറിച്ച് ഒന്നും അറിയില്ല. ദിലീപിനെ പ്രതിയാക്കാൻ വേണ്ടിയാണ് ഗൂഢാലോചന നടന്നതെന്നും കേസിൽ സത്യമായ ഒരു തെളിവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതി ചേർക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ് ബാലചന്ദ്ര കുമാറിനെ രംഗത്തിറക്കിയതെന്നാണ് രാമൻപിള്ളയുടെ നിലപാട്. ദിലീപിനെതിരെ കേസെടുക്കാൻ വേണ്ടി ഒരു സീനിയർ ഉദ്യോഗസ്ഥ, ടീമിലെ ഏറ്റവും ജൂനിയർ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണം ഏൽപ്പിച്ചു. 200 സാക്ഷികളെ വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത് പോലും ഈ ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അദ്ദേഹം ആരോപിച്ചു.
















