തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനായി 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളുമാണ് വോട്ടെടുപ്പ്.
595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം; വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കൺ നൽകി ആറിനു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും. 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെ ഇന്നത്തെ വോട്ടെടുപ്പും മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥികളുടെ മരണം മൂലം മാറ്റിവച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
















