വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കിയ ഇൻഡിഗോ എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കടുത്ത നടപടി. ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റ് വിമാനക്കമ്പനികൾക്ക് വിതരണം ചെയ്യുമെന്ന് വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു വ്യക്തമാക്കി. തുടർച്ചയായ സർവീസ് റദ്ദാക്കലിലൂടെ രാജ്യത്തെ വിമാനയാത്രക്കാർക്ക് നേരിട്ട ദുരിതത്തിന് എയർലൈൻസ് ഉത്തരം പറയേണ്ടിവരും എന്ന സൂചനയാണ് പുതിയ തീരുമാനം നൽകുന്നത്.
യാത്രാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇൻഡിഗോയുടെ സർവീസുകൾ വെട്ടിച്ചുരുക്കി മറ്റ് എയർലൈനുകൾക്ക് നൽകാൻ നിർണായക തീരുമാനമായത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനിക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.
യാത്രക്കാരോടുള്ള ഉത്തരവാദിത്തമില്ലായ്മയ്ക്ക് എതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് മന്ത്രാലയം ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ റൂട്ടുകളിലായി റദ്ദാക്കിയ വിമാനങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ചൊവ്വാഴ്ച രാവിലെ വരെ ലക്നോവിലേക്കും തിരിച്ചുമുള്ള 26 ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിനുപുറമെ, ബെംഗളൂരുവിൽ 121, ചെന്നൈയിൽ 81, ഹൈദരാബാദിൽ 58, അഹമ്മദാബാദിൽ 16 എന്നിങ്ങനെയാണ് റദ്ദാക്കിയ മറ്റ് പ്രധാന സർവീസുകളുടെ എണ്ണം.
ഈ റദ്ദാക്കലുകൾ ആയിരക്കണക്കിന് യാത്രക്കാരെയാണ് വിമാനത്താവളങ്ങളിൽ കുടുക്കിയത്. യാത്രാ ബാഗേജുകൾ ഉടമസ്ഥരിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ 9000-ത്തോളം ബാഗുകളിൽ ഏകദേശം 6000 എണ്ണം ഇതിനോടകം യാത്രക്കാരുടെ കൈകളിൽ എത്തിച്ചിട്ടുണ്ട്.
ബാക്കിയുള്ളവ ഉടൻ തന്നെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, ഡിസംബർ 1 മുതൽ 8 വരെ റദ്ദാക്കിയ 7,30,655 പി.എൻ.ആർ ടിക്കറ്റുകൾക്ക് പണം തിരികെ നൽകുന്ന നടപടിക്രമങ്ങളും നടന്നുവരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിക്കുന്നത് വിലയിരുത്തുന്നതിനായി മന്ത്രാലയം ചൊവ്വാഴ്ച വീണ്ടും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
ഇൻഡിഗോ സർവീസുകൾ പൂർണ്ണ തോതിൽ പഴയപടിയാക്കാൻ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തും. യാത്രാ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യോമയാന മന്ത്രാലയം ഭൂരിഭാഗം വിമാനത്താവളങ്ങളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വരുന്ന രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഇവർ കാര്യങ്ങൾ വിലയിരുത്തി ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് സമർപ്പിക്കും.
















