കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിർണായകമാകുമായിരുന്ന കെ-റെയിൽ (സില്‍വർലൈൻ) പദ്ധതിയിൽ ഇനി പ്രതീക്ഷയർപ്പിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നില്ലെന്നും, ബദൽ മാർഗ്ഗങ്ങൾ തേടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ-റെയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. “കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ റെയിൽ പദ്ധതികൾ നടപ്പാക്കാനാകില്ല. അനുമതി വേഗത്തിൽ ലഭിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ കരുതിയത്. ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു തെറ്റിദ്ധാരണയുമുണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
എന്നാൽ, രാഷ്ട്രീയ നിലപാടുകൾ കാരണമാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാതെ വന്നതെന്നും ഇത് പദ്ധതിയുടെ പുരോഗതിക്ക് തടസ്സമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ സാഹചര്യത്തിൽ, അനുമതിക്കായി കാത്തിരിക്കുന്നത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്.
അതേസമയം, വേഗ റെയിൽ ഗതാഗതം കേരളത്തിന് അനിവാര്യമായതിനാൽ, പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കെ-റെയിലിന് പകരമായി മറ്റ് മാർഗ്ഗങ്ങൾ എന്തൊക്കെയാണ് സ്വീകരിക്കാൻ കഴിയുക എന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാടിന്റെ വികസനത്തിനായുള്ള പദ്ധതികൾ ഒരു കാരണവശാലും മുടങ്ങില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
















